നടന്നു നേടാം പലതും; മാതൃകയായി പദയാത്ര ഗാന്ധി
തോക്കിനും ലാത്തിക്കും ഇരയാകാതെ, ഒട്ടും സംഘർഷമുണ്ടാക്കാതെ നാടിന് നന്മ ചെയ്യാം. രാജ്യത്തെ കർഷകർക്കും ഭൂരഹിതർക്കും നീതി വാങ്ങിക്കൊടുക്കാം. ഇത് തെളിയിക്കുകയാണ് സമാധാനത്തിനുള്ള നിവാനോ പുരസ്കാരം (2023) നേടിയ കണ്ണൂർ തില്ലങ്കേരി സ്വദേശി ഡോ.പി.വി. രാജഗോപാൽ. ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുളള ട്രസ്റ്റാണ് നിവാനോ പുരസ്കാരം നൽകുന്നത്. ഇത് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് പി.വി. രാജഗോപാൽ. നടന്നു നേടാവുന്ന കാര്യങ്ങളെ പറ്റി ദണ്ഡിയാത്രയിലൂടെ പഠിപ്പിച്ച മഹാത്മാ ഗാന്ധി തെളിച്ച പാതയിലൂടെയാണ് അദ്ദേഹത്തിന്റെയും രണ്ട് ലക്ഷത്തോളം അനുയായികളുടെയും യാത്ര. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ഏകതാ പരിഷത്തിന്റെ പദയാത്രകൾ താത്കാലിക സമരായുധമല്ല. ശാശ്വത സമാധാനത്തിനും പുരോഗതിക്കുമുള്ള ഉപായമാണ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരെ പങ്കെടുപ്പിച്ച് നിരവധി പദയാത്രകൾ പദയാത്രാഗാന്ധിയെന്ന് അറിയപ്പെടുന്ന പി.വി. രാജഗോപാൽ നടത്തിയിട്ടുണ്ട്. 2006ൽ ഡൽഹിയിലേക്ക് ചെറുയാത്ര. 2007ലും യാത്ര നടത്തിയതിന്റെ ഫലമായി വനാവകാശ നിയമമുണ്ടായി. ഇതേ തുടർന്നാണ് രാജ്യത്ത് വനപരിസരങ്ങളിലെ താമസക്കാരായ രണ്ടര ദശലക്ഷം ആളുകൾക്ക് ഭൂമി കിട്ടിയത്. ആ നിയമത്തിന്റെ പരിരക്ഷയിൽ ഇപ്പോഴും അർഹരായ വനവാസികൾക്ക് ഭൂമി കിട്ടിക്കൊണ്ടിരിക്കുന്നു. വനാവകാശ സംരക്ഷണ നിയമം അതിന്റെ സത്തയിൽ നടപ്പാകുന്നില്ലെന്ന് കണ്ടപ്പോൾ ഡൽഹിയിലേക്ക് 2012ലും യാത്ര നടത്തി. ഏകത പരിഷത്തുമായി പത്തിന കരാറുണ്ടാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത് ആ യാത്രയാണ്. പണ്ട് മുതൽ ഭൂമിയുടെ അവകാശം പുരുഷനിൽ നിക്ഷിപ്തമാണ്. അല്ലെങ്കിൽ പുരുഷന്റെയും സ്ത്രീയുടെയും കൂട്ടായ പേരിലായിരിക്കും. സ്ത്രീയുടെ പേരിൽ ഭൂവുടമാവകാശം അപൂർവമാണ്. അതുകൊണ്ടുതന്നെ പത്തിന കരാറിൽ സ്ത്രീയുടെ പേരിൽ ഭൂമിയുണ്ടാകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഭൂമി തർക്കങ്ങൾ പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക, ഇന്ത്യയിലെ എല്ലാവർക്കും വീട് വയ്ക്കാൻ ഭൂമി കൊടുക്കുക, അർഹരായവർക്ക് കൃഷിഭൂമി കൊടുക്കുക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. എന്നാൽ കേന്ദ്രത്തിൽ ഗവൺമെന്റ് മാറിയതോടെ കരാർ നടപ്പായില്ല. ഏത് ഗവൺമെന്റായാലും വ്യവസ്ഥകൾ നടപ്പാക്കാൻ ബാദ്ധ്യതയുണ്ട്. ഈ കരാർ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടെങ്കിലും നടപ്പാകാത്തതിനാൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഏകത പരിഷത്ത്. എന്നാൽ ആ യാത്രകൊണ്ട് മറ്റൊരു നേട്ടമുണ്ടായി. 2013ൽ ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആക്റ്റുണ്ടായി. വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ പെടുന്നു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആരും വഴിയാധാരമാകരുതെന്നാണ് അതിന്റെ ലക്ഷ്യം.
സമാധാനത്തിന് പീസ് ക്ളബുകൾ
കർഷകനെന്നു പറഞ്ഞാൽ പുരുഷനാണ് മനസിൽ വരുന്നത്. സ്ത്രീകൾ കർഷകരാകണം. അവരുടെ പേരിൽ ഭൂമി വേണം. കാർഷിക പ്രവർത്തനങ്ങളിൽ അവർ സജീവമാകണമെന്ന കാഴ്ചപ്പാടും പി.വി.രാജഗോപാലിനുണ്ട്. ഏകത പരിഷത്തിന്റെ അംഗങ്ങളിൽ 40 ശതമാനത്തോളം സ്ത്രീകളാണ്. സ്ത്രീകൾക്ക് പ്രാധാന്യം നൽകണമെന്ന ഗാന്ധിജിയുടെ ആദർശത്തിന്റെ വെളിച്ചത്തിലാണിത്. ഡൽഹി ശക്തിപ്പെടുകയും ഗ്രാമങ്ങൾ ശുഷ്കമാകുകയും ചെയ്യുകയാണിപ്പോഴെന്ന് അദ്ദേഹം പറയുന്നു. ഗാന്ധിജി ആഗ്രഹിച്ചത് അഞ്ച് ലക്ഷം ഗ്രാമങ്ങളുടെ ശക്തിപ്പെടലാണ്. അതിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. ഒപ്പം ഗാന്ധിജിയുടെ സമാധാന സന്ദേശത്തിനും പ്രാധാന്യം നൽകണം. അഹിംസ പോലുള്ള അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് വില കൽപ്പിക്കാതിരിക്കുകയും ഹിംസ വ്യാപിക്കുകയുമാണ്. സമാധാനത്തിന് പകരം യുദ്ധവെറിയുമുണ്ട്. ഇതിന് പരിഹാരം കുട്ടികളിൽ നിന്ന് തുടങ്ങണം. ഇതിനായി രാജ്യത്തെ പരമാവധി സ്കൂളുകളിൽ പീസ് ക്ളബുകളുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് പി.വി.രാജഗോപാലും ഏകത പരിഷത്തും.
മനുഷ്യർക്ക് പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കൾക്ക് സംഘർഷങ്ങളുണ്ടാക്കാനറിയാം. പരിഹരിക്കാൻ അറിയില്ല. അതിൽ താത്പര്യവുമില്ല. ഈ രീതി മാറേണ്ടത് പുതു തലമുറയിലൂടെയാണ്. അതിനാണ് സ്കൂളുകളിൽ പീസ് ക്ളബുകളുണ്ടാക്കിയിട്ടുള്ളത്. തർക്കങ്ങളുണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുകയും അവ പരിഹരിക്കാൻ മാർഗ്ഗം തേടുകയും ചെയ്യുകയാണ് പീസ് ക്ളബുകളുടെ പ്രധാന ലക്ഷ്യം. തർക്കങ്ങളും സംഘർഷങ്ങളും ചെറുപ്പം മുതൽ തന്നെ കുട്ടികൾ പരിഹരിച്ച് ശീലിക്കണം. അമേരിക്കയിലെ സ്കൂളുകളിൽ പീസ് കോർണറുകളുള്ളതായി രാജഗോപാൽ പറയുന്നു. കുട്ടികൾ തമ്മിൽ പ്രശ്നമുണ്ടായാൽ അവരെ പീസ് കോർണറിലേക്ക് അയക്കും. അവിടെ മുഖത്തോട് മുഖം നോക്കിയിരുന്ന് അവർ തന്നെ പ്രശ്നം പരിഹരിക്കണം. പ്രശ്നമുണ്ടാക്കുന്നവരാണ് അത് പരിഹരിക്കേണ്ടത്. ഈ ബോദ്ധ്യം കുട്ടികളിൽ ഉണ്ടാകുന്നതോടെ സഹപാഠികളുമായി പ്രശ്നമുണ്ടാക്കാനുള്ള പ്രവണത കുറയും. മുതിർന്നവർ തമ്മിലും ഈ രീതിയാണ് വരേണ്ടത്. എന്നാലിപ്പോൾ പ്രശ്നങ്ങളുണ്ടാക്കുന്നവർക്ക് അത് പരിഹരിക്കാൻ ഒരു ബാദ്ധ്യതയുമില്ല. പ്രത്യേകിച്ചും രാഷ്ട്രീയക്കാർക്ക്. പ്രശ്നത്തെ ആളിക്കത്തിക്കാനാണ് ശ്രമിക്കാറുള്ളത്. പുതിയ തലമുറയെങ്കിലും ഇതിൽ നിന്ന് മാറിച്ചിന്തിക്കണം. പീസ് ക്ളബുകൾക്ക് ഏത് നല്ല കാര്യങ്ങളും ചെയ്യാം. എന്നാൽ പ്രധാനം തർക്കങ്ങളെയും പ്രശ്നങ്ങളെയും പറ്റി പഠിക്കുകയും അവയ്ക്ക് പരിഹാരം തേടുകയുമാണ്.
കർഷകരുടെ പ്രശ്നങ്ങൾ ബാക്കി
രാജ്യത്തെ കർഷകർ ഇന്നും അവഗണന നേരിടുകയാണെന്ന് അഗ്രിക്കൾച്ചർ എൻജിനിയറിംഗ് പഠിച്ച രാജഗോപാൽ പറയുന്നു. സർക്കാരുകൾക്ക് കർഷകരുടെ യഥാർത്ഥ പ്രശ്നമെന്താണെന്ന് മനസിലായിട്ടില്ല. കർഷകർ തമ്മിൽ ഐക്യവും കുറവാണ്. അവരുടെ ഉത്പന്നങ്ങൾക്ക് അർഹമായ വില കിട്ടാനുള്ള സാഹചര്യവും പര്യാപ്തമായ വിപണി സൗകര്യവും ഇപ്പോഴുമില്ല. നബാർഡ്, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ തുടങ്ങി കാർഷികാനുബന്ധ സ്ഥാപനങ്ങൾ നിരവധിയുണ്ടായി. പക്ഷേ അതിന്റെ ഫലം കർഷകർക്ക് ഉദ്ദേശിച്ച രീതിയിൽ കിട്ടിയില്ല. സ്ഥാപനങ്ങളുടെ പ്രവർത്തനവും കർഷകരുടെ ആവശ്യങ്ങളും തമ്മിൽ പൊരുത്തമില്ല. കർഷകരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. കർഷകരുടെ പ്രശ്നങ്ങളുയർത്തുമ്പോൾ അവയെ ആ നിലയ്ക്ക് കാണാതെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറം നൽകുന്നു. എല്ലാം രാഷ്ട്രീയവത്കരിക്കപ്പെട്ടതോടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരവുമില്ലാതായി. കേരളത്തിലും നിരവധി സംഘടനകൾ ഭൂരഹിതരുടെയും ആദിവാസികളുടെയും ഉൾപ്പെടെ പ്രശ്നങ്ങളുയർത്തി സമരം ചെയ്യുന്നുണ്ട്. ഇവരുമായി സംസാരിച്ച് ഒരു ഐക്യനിര കെട്ടിപ്പടുക്കാനാണ് ഇപ്പോൾ ഏകത പരിഷത്തിന്റെ ശ്രമം.