കണ്ണൂരിൽ വീണ്ടും തലപൊക്കി പേവിഷ ഭീതി പാറക്കണ്ടിയിൽ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

Saturday 31 January 2026 9:23 PM IST

കണ്ണൂർ: പാറക്കണ്ടിയിൽ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ വീണ്ടും ആശങ്ക പടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാറക്കണ്ടിയിൽ വ്യാപാര ഭവനും നഴ്‌സറിക്കും സമീപത്തും തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ സാരമായി പരുക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.

ഇതെ തെരുവുനായ മറ്റ് തെരുവുനായകളെയും കടിച്ചിരുന്നു. നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.തെരുവുനായ പ്രശ്നത്തിനെതിരെ കോർപ്പറേഷൻ -ജില്ലാ ഭരണകൂടങ്ങളുടെ നടപടികൾ എങ്ങും എത്താത്ത സ്ഥിതിയിലാണ്.കഴിഞ്ഞ വ‌‌‌ർഷം നഗരത്തിൽ എൺപതോളം പേർ തെരുവുനായ ആക്രമണത്തിനിരയായതിന് പിന്നാലെ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലെ നിർദേശം പോലും കോർപ്പറേഷന് പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.മൂന്ന് ഷെൽട്ടർഹോമുകൾ ഒരുക്കി അലഞ്ഞുതിരിയുന്ന തെരുവുനായകളെ പിടികൂടി ഇവിടേക്ക് മാറ്റുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

എല്ലായിടത്തും തെരുവുനായകൾ

നഗരത്തിൽ തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. നഗരത്തിൽ എല്ലായിടത്തും തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കാൽടെക്സ്, തെക്കിബസാ‌ർ , ജില്ലാ ആശുപത്രി പരിസരം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. ദിനംപ്രതി നിരവധി ആളുകളെത്തുന്ന പയ്യാമ്പലത്തും തെരുവുനായ ശല്യംത്തിൽ ജനങ്ങൾ പൊറുതുമുട്ടിയിരിക്കുകയാണ്.

ഉറപ്പുകൾ നിരവധി ;നടപ്പിലായത് അപൂർവം

തെരുവുനായശല്യത്തിന് കാരണമാകുന്ന തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കോ‌ർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിർദ്ദേശം വന്നതാണ്. ഇത്തരത്തിൽ മാലിന്യം തള്ളുന്ന തുറന്ന സ്ഥലങ്ങൾ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നൽകുമെന്ന മേയറുടെ ഉറപ്പിന്മേൽ കാര്യമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.കോർപ്പറേഷൻ പരിധിയിലെ മുഴുവൻ നായകൾക്കും എട്ടുമാസത്തിനുള്ളിൽ വാക്സിൻ നൽകുന്നതിന് മുന്നോടിയായി ഡി.പി.ആർ തയാറാക്കുന്നുവെന്നായിരുന്നു സെക്രട്ടറി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉറപ്പ് നൽകിയത്. തെരുവുനായകൾ തമ്പടിക്കുന്ന കാടുമൂടിയ ഇടങ്ങളും ആളൊഴിഞ്ഞ പറമ്പുകളും വീട്ടുപരിസരങ്ങളും ശുചീകരിച്ചില്ലെങ്കിൽ കോർപ്പറേഷൻ നേരിട്ടിടപെടുമെന്നും ചിലവാകുന്ന തുക സ്ഥലമുടമകളിൽ നിന്നും ഈടാക്കുമെന്നുമാണ് സെക്രട്ടറി പറഞ്ഞത് .എന്നാൽ ഈ തീരുമാനങ്ങളൊന്നും നടപ്പിലാക്കാനായിട്ടില്ല.

തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പടിയൂരിലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) യൂണിറ്റ് വിപുലീകരിക്കുമെന്നതായിരുന്നു മറ്റൊരു ഉറപ്പ്. ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ ഉൾപ്പെടുത്തി 48 കൂടുകൾ കൂടി ഇവിടേക്ക് അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 18 നായകളെ വീതം വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട് .എന്നാൽ തെരുവുനായ വന്ധ്യംകരണത്തിൽ കാര്യമായ പുരോഗതി ഉറപ്പുവരുത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.