എട്ടര കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിനതടവും പിഴയും

Sunday 01 February 2026 12:40 AM IST

കൊല്ലം: എട്ടര കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിനതടവും പിഴയും. ചവറ മുക്കോടി തെക്കതിൽ മുനീറിനെയാണ് (21) കൊല്ലം ഫോർത്ത് അഡിഷണൽ സെഷൻസ് ജഡ്ജി സി.എം.സീമ എട്ടുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. 2021 ഏപ്രിൽ 1 രാത്രി 10നായിരുന്നു കേസിനാസ്പദമായ സംഭവം.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം ടെർമിനലിന് സമീപത്തുനിന്നാണ് ഷോൾഡർ ബാഗിൽ രണ്ടു പൊതികളിലായി സൂക്ഷിച്ചിരുന്ന എട്ടരക്കിലോ കഞ്ചാവുമായി കൊല്ലം ഈസ്റ്റ് പൊലീസ് എസ്.ഐയായിരുന്ന കെ.എൽ.സമ്പത്ത് മുനീറിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി.എം.ഷാഫി തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി കഞ്ചാവ് കടത്ത് പതിവാക്കിയ പ്രതിയെ തമിഴ്നാട് പൊലീസ് നിലവിൽ ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. കൊല്ലം ജില്ലാ അഡീഷണൽ ഗവ. പ്ലീഡറായ അഡ്വ.കെ.കെ. ജയകുമാർ കുന്നത്തൂർ പ്രോസിക്യൂഷൻ വേണ്ടി ഹാജരായി. എ.എസ്.ഐ സാജു പ്രോസിക്യൂഷൻ സഹായിയായി.