പോസ്റ്ററുകൾ നീക്കാൻ നോട്ടീസ് നൽകി ടൗൺ പൊലീസ് നോട്ടീസ് യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ സംഘർഷത്തെ തുടർന്ന്

Saturday 31 January 2026 9:41 PM IST

കണ്ണൂർ : വെള്ളിയാഴ്ച കണ്ണൂർ നഗരത്തിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനിടയാക്കിയതടക്കമുള്ള പോസ്റ്ററുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂത്ത് കോൺഗ്രസിനും ഡി.വൈ.എഫ്.ഐയ്ക്കും നോട്ടീസ് നൽകി ടൗൺ പൊലീസ്.തുടർന്നും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത മുൻനിർത്തിയാണ് പൊലീസിന്റെ ഇടപെടൽ.

രക്തസാക്ഷി ഫണ്ട്,സ്വർണ്ണക്കൊള്ള വിഷയങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം.തുടർന്ന് ഇരു സംഘടനകളുടെയും നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചേർത്ത് കേസെടുത്തിരുന്നു.ഇന്നലെ രാവിലെയും കഴിഞ്ഞ ദിവസങ്ങളിലും യൂത്ത് കോൺഗ്രസ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരുന്നു .നഗരത്തിൽ ഇത്തരത്തിൽ പ്രകോപനപരമായ പോസ്റ്ററുകൾ പതിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ പൊലീസ് തന്നെ നീക്കം ചെയ്യുന്നുണ്ട്.

അതെസമയം ജില്ലയിൽ ഉടനീളം ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു.സംഘർഷപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്ന നീക്കമാണ് യൂത്ത് കോൺഗ്രസിന്റേതെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു.വ്യാഴാഴ്ചയാണ് നഗരത്തിൽ യൂത്ത് കോൺഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഇരുഭാഗത്തും പ്രവർത്തകർക്ക് പരിക്കേറ്റു.കല്ലേറിൽ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി ഓഫീസിലേക്ക് പ്രകടനം നടത്താൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു.

.