ഹാൾടിക്കറ്റിലെ പിഴവിൽ എൻജി.പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു

Saturday 31 January 2026 9:45 PM IST

പരീക്ഷാകേന്ദ്രം കോറോം എസ്.എൻ.ജി കോളേജ് ;ഹാ​ൾ ടി​ക്ക​റ്റിൽ കണ്ണൂർ എസ്.എൻ.കോളേജ്

ക​ണ്ണൂ​ർ : ഹാ​ൾ ടി​ക്ക​റ്റ് ത​യാ​റാ​ക്കിയതി​ലെ പിഴവിനെ തുടർന്ന് അമൃത വിശ്വാവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ എൻജിനീയറിംഗ് പ്രവേശനപരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു. പരീക്ഷാസെന്ററായ കോറോം എസ്.എൻ.ജി കോളേജിന് പകരം കണ്ണൂർ എസ്.എൻ.കോളേജ് എന്ന് രേഖപ്പെടുത്തയതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല.

45 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലഭിച്ച ഹാൾ ടിക്കറ്റിൽ പ​രീ​ക്ഷാ കേ​ന്ദ്രം ക​ണ്ണൂ​ർ എ​സ്.എ​ൻ കോ​ളേജ് എ​ന്നാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം ഇന്നലെ രാവിലെ തോട്ടടയിലെ കണ്ണൂർ എസ്.എൻ കോളജിൽ എത്തിയ വിദ്യാർത്ഥികളോട് കോളേജിൽ ഇത്തരമൊരു പരീക്ഷ നടക്കുന്നില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

പിന്നാലെ എസ്.എൻ കോ​ളേജ് അ​ധി​കൃ​ത​ർ കോ​റോം എസ്.എൻ.ജി കോളേജുമായു ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഹാൾ ടിക്കറ്റ് തയാറാക്കിയതിലെ അബദ്ധം വ്യക്തമാകുന്നത്. കോളേജ് മാറി എത്തിയതു കാരണം കഴിഞ്ഞ ദിവസവും ഇന്നലെയും മൂ​ന്നു സ​മ​യ​ങ്ങ​ളി​ലാ​യി നടക്കുന്ന പരീക്ഷയുടെ ആദ്യ ബാച്ചുകാർക്ക് പരീക്ഷയെഴുതാനായില്ല. ഇതിനിടെ വി​ദ്യാ​ർ​ത്ഥി​ക​ളും രക്ഷിതാക്കളും അമൃത വിശ്വപീഠം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടതോടെയാണ് യൂണിവേഴ്സിറ്റി അധികൃതർ ഹാൾ ടിക്കറ്റിലെ പാളിച്ച മനസിലാക്കുന്നത്. ഹാൾ ടിക്കറ്റിലെ തെറ്റുകാരണം പരീക്ഷയെഴുതാനാവാത്തവർക്ക് അവസരം നൽകുമെന്ന് യൂണിവേഴ്സിറ്റ് അധികൃതർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.