പനമ്പറ്റ സ്‌കൂളിൽ അത്യാധുനിക റോബോട്ടിക്‌സ് ലാബ് ഒരുങ്ങുന്നു

Saturday 31 January 2026 9:58 PM IST

കണ്ണൂർ: മാലൂർ പനമ്പറ്റ ന്യൂ യു. പി സ്‌കൂളിൽ അത്യാധുനിക എ.ഐ - റോബോട്ടിക്‌സ് ലാബ് ഒരുങ്ങുന്നു. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവും പ്രയോഗവും പ്രൈമറി തലം മുതൽ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റോബോട്ടിക്സ് ലാബ് സ്ഥാപിക്കുന്നത്. വിദ്യാർത്ഥികൾക്ക് പുറമേ ഗ്രാമീണമേഖലയിലെ ജനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇതോടെ ഈ പൊതുവിദ്യാലയം നിങ്ങുന്നത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പാണ് സ്‌കൂളിൽ റോബോട്ടിക്സ് എ.ഐ ആൻഡ് ഇന്നൊവേഷൻ ലാബ് സ്ഥാപിക്കുന്നത്. പത്തിന് വൈകീട്ട് നാലിന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.യുണീക് വേൾഡ് റോബോട്ടിക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ബൻസൻ തോമസ് ജോർജ് സ്‌കൂൾ സന്ദർശിച്ചു.പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനം വിലയിരുത്തുന്നതിനായി കഴിഞ്ഞ 15 വർഷത്തിലേറെയായി സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീറിംഗ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ബൻസൻ നാസ സ്‌പേസ് ആപ്സ് ചലഞ്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ വിദ്യാർത്ഥികളെ വിജയകരമായി നയിച്ച വ്യക്തിയാണ് ബൻസൻ തോമസ് ജോർജ്.മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ബാബു, പ്രധാനാദ്ധ്യാപകൻ ടി .പി. രഞ്ജിത്ത്, പി .ടി .എ പ്രസിഡന്റ് എം. ഹാഷിം, സ്‌കൂൾ മാനേജർ വി .കെ .സനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

വിദ്യാർത്ഥികളിലേക്ക് ആധൂനിക സാങ്കേതിക വിദ്യ

വിദ്യാർത്ഥികളിൽ ആധുനിക സാങ്കേതികവിദ്യയുടെ അഭിരുചി വളർത്തുന്ന രീതിയിലാണ് ഈ ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി , ഇലക്ട്രോണിക്‌സ് എന്നിവ പഠിക്കാൻ സഹായിക്കുന്ന ക്വാർക്കി , വിസ്ബോട്ട് തുടങ്ങിയ കിറ്റുകളും പ്ലൂട്ടോ ഡ്രോണുകളും ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് തങ്ങളുടെ ഭാവനയിലുള്ള രൂപങ്ങൾ നിർമ്മിച്ചെടുക്കാൻ ത്രിഡി പ്രിന്ററുകളും ത്രിഡി പേനകളും ഇവിടെ ലഭ്യമാകും. ഇതിനു പുറമെ, പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന 'ബോണിക് ബോട്ട്' എന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം റോബോട്ടിക്‌സ് പഠനം കുട്ടികളിൽ കൂടുതൽ കൗതുകമുണർത്തും.

യുണീക്ക് വേൾഡ് റോബോട്ടിക്സ് പനമ്പറ്റയിലേക്ക്

.നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായ യുണീക്ക് വേൾഡ് റോബോട്ടിക്സ് നേരിട്ട് പനമ്പറ്റ സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കും. ഭാവിയിലെ തൊഴിൽ സാധ്യതകൾക്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലും ശാസ്ത്ര-സാങ്കേതിക അവബോധം വളർത്തുന്നതിലും പ്രധാന പങ്ക് വഹിക്കാൻ ഈ ലാബിന് കഴിയും.വിദേശത്ത് നിന്ന് സാങ്കേതികവിദ്യ വിദഗ്ധരും വിദ്യാർത്ഥികളും നേരിട്ടെത്തി പനമ്പറ്റ സ്‌കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകും.

ഭൂമിശാസ്ത്രപരമായ പരിമിതികൾക്കപ്പുറം റോബോട്ടിക്‌സ്, എഐ മേഖലയിൽ പ്രവീണ്യം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം- ബൻസൻ തോമസ് ജോർജ് (യുണീക് വേൾഡ് റോബോട്ടിക്‌സ് സ്ഥാപകൻ)​