അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം ഒരുക്കാൻ നഗരസഭ

Sunday 01 February 2026 3:21 AM IST

ആലപ്പുഴ: നഗരത്തിലെ അങ്കണവാടികൾക്കായി സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിർമിക്കുന്നത് പരിഗണിക്കാൻ ആലപ്പുഴ നഗരസഭാ കൗൺസിലിൽ തീരുമാനം. പല വാർഡുകളിലേയും അങ്കണവാടികൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഉടമസ്ഥർ വാടക പരിഷ്ക്കരണം ആവശ്യപ്പെടുന്നതിനാൽ ഇവയിൽ പലതും കുടിയിറക്കൽ ഭീഷണിയിലാണ്. അങ്കണവാടികൾക്കായി കളിയുപകരണങ്ങളും മറ്റുസാധനങ്ങളും വാങ്ങുന്നതിനായും അടുത്ത വർഷത്തെ പദ്ധതിയിൽ തുക വകയിരുത്തും. കൂടാതെ അങ്കണവാടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേരാനും കൗൺസിൽ തീരുമാനിച്ചു.

ഉറവിടമാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നൂറുശതമാനം നേട്ടം കൈവരിക്കുന്നതിനായുള്ള തുടർപ്രവർത്തനങ്ങളും കൗൺസിലിൽ ചർച്ചയായി. ഇതിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ച് വീടുകളിൽ സർവേ നടത്തും. നഗരസഭയുടെ ഏയ്റോബിക്ക് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ജൈവവളം കുറഞ്ഞ ചെലവിൽ കൃഷിക്കായി സംഘടനകൾക്ക് ലഭ്യമാക്കും. ഇത് ആലപ്പുഴ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നതും ചർച്ചയായി. മഹിളാമന്ദിരത്തിന്റെ മുൻവശത്തുള്ള ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിക്കും. സൗത്ത് പൊലീസ് സ്റ്റേഷന് മുൻവശത്തായി മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും അമൃത് മിത്ര പദ്ധതിയിൽ നിയോഗിക്കുന്ന കുടുംബശ്രീ പ്രവർത്തകരെ നഗരസഭയുടെ ജലകിയോസ്ക്കിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് പരിഗണിക്കാനും കൗൺസിലിൽ തീരുമാനമായി.

കേബിളിടാൻ അനുമതി നിഷേധിച്ചു

നഗരത്തിൽ കൈതവനയിലും ബോട്ട് ജെട്ടിക്ക് സമീപത്തും റോഡ് മുറിച്ച് സ്വകാര്യ ടെലികോം കമ്പനിക്ക് ഫൈബർ കേബിൾ ഇടാനുള്ള അനുമതി നിഷേധിച്ച് നഗരസഭാ കൗൺസിൽ. റോഡ് പരിപാലന കാലാവധി കഴിയുന്നതിന് മുമ്പ് റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കത്തെ കൗൺസിലർമാർ ഒന്നടങ്കം എതിർത്തു. ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് അതേനിലവാരത്തിൽ റോഡ് മുറിക്കുന്നവർ പുനസ്ഥാപിക്കാറില്ലെന്നും കൗൺസിൽ വിമർശിച്ചു.

മഴക്കാലപൂർവ ശുചീകരണം, നഗരത്തിലെ തെരുവുനായ പ്രശ്നം എന്നിവ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കണം

- വി.ജി.വിഷ്ണു, എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ