'ഉയരെ’ ജെൻഡർ ക്യാമ്പയിൻ; എ.ഡി.എസ് പരിശീലനം
മാന്നാർ: ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എ.ഡി.എസ് പൊതുസഭയിൽ 'ഉയരെ' ജെൻഡർ ക്യാമ്പയിൻ 'നയീ ചേതന 4.0' എ.ഡി.എസ് തല പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത് പഴവൂർ ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് ഗീത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുശീല കുമാരി മുഖ്യപ്രഭാഷണവും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ 'നയചേതന 4.0' ജെൻഡർ ക്യാമ്പയിൻ 'ഉയരെ' ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫർ ഷൈജ തമ്പി സ്ത്രീ സുരക്ഷയെകുറിച്ചും തൊഴിൽ മേഖലയിലെ വൈവിദ്ധ്യങ്ങളെകുറിച്ചും ക്ലാസ് നയിച്ചു. തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തി തൊഴിലവസരങ്ങൾ ഒരുക്കുക, സുരക്ഷിത തൊഴിൽ സാഹചര്യങ്ങളെ പരിചയപ്പെടുത്തി വേതനാധിഷ്ഠിത തൊഴിൽ പങ്കാളിത്തം ഉയർത്തുകയും അനുകൂല സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം അഞ്ച് മൊഡ്യൂളാണ് പരിശീലനത്തിലുള്ളത്. എ.ഡി.എസ്, അയൽക്കൂട്ടങ്ങളിൽ തുടർപ്രവർത്തനങ്ങളായ ബോധവൽക്കരണ ക്ലാസ്, ജൻഡർ ക്വിസ് മത്സരം, സിഗ്‌നേച്ചർ ക്യാമ്പയിൻ, റാലി, പോസ്റ്റർ പ്രചരണം, പ്രതിജ്ഞ എന്നിവ നടത്തും. ജനപ്രതിനിധികൾ, സി.ഡി.എസ് അംഗം, ഷൈജ തമ്പി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.