കുമളിയിൽ മണ്ണ് മാഫിയക്കെതിരെ നടപടി ശക്തം; നാല് ലോറികൾ കൂടി കസ്റ്റഡിയിൽ
ഇടുക്കി : ജില്ലയുടെ അതിർത്തി മേഖലകളിൽ മണ്ണ് മാഫിയക്കെതിരെ പൊലീസിന്റെ പരിശോധന ശക്തമാക്കി. കുമളിയിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി മണ്ണുമായി പോയ നാല് ലോറികൾ കൂടി കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് മണ്ണ് മാഫിയ സംഘങ്ങൾ സജീവമാണെന്ന വ്യാപക പരാതിയെത്തുടർന്നാണ് നടപടി. ഈ മാസം മാത്രം കുമളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 11 വാഹനങ്ങളാണ് അനധികൃത മണ്ണ് കടത്തിയതിന് പിടികൂടിയത്. അട്ടപ്പള്ളം, വെള്ളാരംകുന്ന്, ആനവിലാസം, ചെങ്കര, മുരുക്കടി, അമരാവതി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. അനധികൃത മണ്ണ് കടത്ത് മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി ' കടുപ്പിച്ചത്. കഴിഞ്ഞ ദിവസം മണ്ണുമായി പോയ ടിപ്പർ ലോറി ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ വെള്ളാരംകുന്നിൽ മണ്ണ് മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽറ്റിരുന്നു. ഈ സംഭവങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അനധികൃതമായ മണ്ണ് കടത്തും അതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ല. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനമെന്ന് കുമളി എസ്. എച്ച്.ഒ കെഅഭിലാഷ് കുമാർ പറഞ്ഞു.