കുട്ടനാട് കുടിവള്ള പദ്ധതി : സംസ്കരണപ്ലാന്റ് 8 മാസത്തിനകം
ആലപ്പുഴ : കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം എട്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ വികസന സമിതിയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. പ്ലാന്റിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി. ട്രാൻസ്‌ഫോർമർ റൂമിന്റെ പൈലിംഗ് പുരോഗമിക്കുകയാണ്. കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം എൽ ഡി പ്ലാന്റ് നിർമ്മാണത്തിന്റെയും പുരോഗതി സംബന്ധിച്ച് തോമസ് കെ. തോമസ് എം എൽ എ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ജില്ലയിലെ മറ്റ് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങളും വേഗത്തിലാണെന്നും അധികൃതർ പറഞ്ഞു. നെടുമുടി പഞ്ചായത്ത് കല്ലൂർക്കാട് ബസിലിക്ക പള്ളിക്ക് സമീപം കുഴൽക്കിണറും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കന്നിമേൽ കുടിവെള്ള പദ്ധതി
മാവേലിക്കര മണ്ഡലത്തിലെ കന്നിമേൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഗ്രാമപഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. മരങ്ങൾ ഇല്ലാത്ത ഭാഗങ്ങളിൽ സാദ്ധ്യമാകുന്ന രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം.എസ്. അരുൺകുമാർ എം.എൽ.എ ഉന്നയിച്ച വിഷയത്തിന് മറുപടിയായി അറിയിച്ചു.
ഹരിപ്പാട് കുടിവെള്ള പദ്ധതി
ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ജില്ലാ കളക്ടർ യോഗം വിളിച്ചു കൂട്ടണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രതിനിധി ജോൺ തോമസ് ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു.