തീപിടിത്തത്തിന് ഒട്ടും കുറവില്ല..! അഗ്നിശമന സേനയ്ക്ക് വേനൽ 'തീക്കളി'

Sunday 01 February 2026 12:08 AM IST

തൃശൂർ: വേനൽത്തീയിൽ നട്ടംതിരിഞ്ഞ് നിൽക്കുകയാണ് ഫയർഫോഴ്‌സ്. വേനൽ കടുക്കുമ്പോൾ തീക്കളി വേണ്ടെന്ന് എത്ര പറഞ്ഞിട്ടും നാട്ടുകാർ അനുസരണക്കേട് കാണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. മഞ്ഞുകാലം മാറിത്തുടങ്ങിയ ജനുവരിയിൽ മാത്രം തൃശൂർ ഫയർ സ്റ്റേഷനിലേക്ക് വന്നത് 180 കോളുകൾ, അതായത് ശരാശരി ദിവസേന ആറ് കോളെങ്കിലും വരുന്നു.

തൃശൂർ നഗരത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തൻ നഗറിന് സമീപം തീപിടിത്തമുണ്ടായി. ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന് പിറകിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു തുടർച്ചയായ ദിവസങ്ങളിൽ തീപിടിത്തമുണ്ടായത്. ഇന്നലെ ആകാശവാണിക്ക് സമീപവും ഐ.ആർ.ബിക്ക് സമീപവുമായിരുന്നു തീപിടിത്തം. മാലിന്യത്തിനും പുല്ലിനും തീപിടിച്ചതായിരുന്നു സംഭവം.

ഓരോ സ്റ്റേഷന് കീഴിലും വലിയ പ്രദേശം

പൊലീസ് സ്റ്റേഷൻ പോലെ ഫയർ സ്റ്റേഷൻ എല്ലായിടത്തുമില്ല. അതിനാൽ, ഒരു ഫയർ സ്റ്റേഷന് കീഴിൽ തന്നെ എട്ട് മുതൽ 10 പഞ്ചായത്തുകൾ വരെയുണ്ട്. തൃശൂർ ഫയർ സ്റ്റേഷന് കീഴിൽ ഒമ്പത് പഞ്ചായത്തുകളും കോർപറേഷൻ ഏരിയയുമാണുള്ളത്. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, പാണഞ്ചേരി, നടത്തറ, ചേർപ്പ്, അടാട്ട്, അവിണിശ്ശേരി, പാറളം പഞ്ചായത്തുകളും തൃശൂർ കോർപറേഷൻ ഏരിയയുമാണത്. ഇത്രയേറെ വലിയ പ്രദേശമുണ്ടെങ്കിലും തീയണയ്ക്കാൻ പോകാനായുള്ളത് മൂന്ന് രക്ഷാവാഹനങ്ങൾ മാത്രം.

86 പഞ്ചായത്തുകളുള്ള തൃശൂർ ജില്ലയിൽ 10 ഫയർ സ്റ്റേഷനുകളാണുള്ളത്. വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകൾക്ക് കീഴിലും ഒട്ടേറെ ചെറുതും വലുതുമായ തീപിടിത്തം ഉണ്ടാകുന്നുണ്ട്. ജനുവരി ഒമ്പതിന് കുന്നംകുളം ടൗണിൽ നിന്നും 300 മീറ്റർ അകലെ മാത്രം ബി.എം.ഡബ്ലിയു കാറിന് തീപിടിച്ചിട്ടും വൈകിയാണ് ഫയർഫോഴ്‌സിന് എത്താനായത്. ഈ സമയം പുഴയ്ക്കൽ പാടത്തുള്ള തീപിടിത്തം അണയ്ക്കാൻ പോയതായിരുന്നു. ഈവിധം സൗകര്യങ്ങളില്ലാതെ വരുമ്പോഴും പഴി കേൾക്കേണ്ടി വരികയാണെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

സുരക്ഷയില്ലാതെ കെട്ടിടങ്ങൾ

പഴയ കെട്ടിടങ്ങളിൽ ഉൾപ്പെടെ തീപിടിത്തം അണയ്ക്കുന്നതിനുള്ള ഫയർ ഡിസ്റ്റിഗ്യുഷർ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാൻ ഫയർ ഫോഴ്‌സ് നോട്ടീസ് നൽകിയെങ്കിലും പ്രാവർത്തികമാക്കിയോ എന്ന പരിശോധന നടത്തിയിട്ടില്ല. തൃശൂർ നഗരത്തിൽ മാത്രം 70ഓളം കെട്ടിടങ്ങൾക്കാണ് സൗകര്യം ഒരുക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുള്ളത്. കെട്ടിടങ്ങൾക്ക് തീപടരുന്നത് പലപ്പോഴും ഷോർട്ട് സർക്യൂട്ട് കൊണ്ടായതിനാൽ വയറിംഗ് പരിശോധിക്കണമെന്നും നോട്ടീസ് ഫയർഫോഴ്‌സ് നൽകിയിട്ടുണ്ട്.