ഷിബുരഞ്ജൻ വധം: പ്രതിക്ക് ജീവപര്യന്തം

Sunday 01 February 2026 12:16 AM IST

തിരുവനന്തപുരം: നഗരസഭാ ജീവനക്കാരൻ ഷിബുരഞ്ജനെ (40) കുത്തി കൊലപ്പെടുത്തിയ കേസിൽ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന് (46) ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. നാലാം അഡി. സെഷൻസ് ജഡ്ജി അനസ്. വി യൂടേതാണ് ഉത്തരവ്.

2021 ഒക്ടോബർ 7ന് രാത്രി 8ന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് ലാംബിന് സമീപത്തുവച്ചാണ് ഷിബുരഞ്ജന് കുത്തേറ്റത്. ഷിബു രഞ്ജനും നഗര സഭാ ജീവനക്കാരനായ പ്രതിയും തമ്മിൽ ജോലി സംബന്ധമായും ട്രാൻസ്ഫർ സംബന്ധമായും ഉണ്ടായിരുന്ന തർക്കത്തെ തുടർന്ന് പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഷിബു രഞ്ജൻ മരിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ വേണി ഹാജരായി.