60 വർഷമായി നാടകരംഗത്ത് രംഗഭാഷയൊരുക്കലിൽ പുലിയാണ് സുജാതൻ മാഷ്
തൃശൂർ: 'അരങ്ങിൽ അഭിനേതാക്കൾക്ക് ആത്മവിശ്വാസവും പ്രേക്ഷകർക്ക് നിറക്കാഴ്ചയും സമ്മാനിക്കുന്ന രംഗപടം ഒരുക്കിയത് ആർട്ടിസ്റ്റ് സുജാതൻ..." നാടക അരങ്ങിലെ ഈ അനൗൺസ്‌മെന്റിന് പ്രായം അറുപതാകുന്നു. 16-ാം അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ രംഗമൊരുക്കുന്ന തിരക്കിലാണ് 71കാരനായ സുജാതൻ മാഷ്.
1967ൽ പിതാവ് ആർട്ടിസ്റ്റ് കേശവനോടൊപ്പം തുടങ്ങിയ കലാസപര്യ ഇന്നും തുടരുന്നു. 'ആദ്യകാലത്ത് ഒന്നോ രണ്ടോ രംഗങ്ങൾ മാത്രം മതിയാകുമായിരുന്നു. എന്നാൽ ഇന്ന് നാടകം സിനിമാറ്റിക്കായി. ഇതോടെ ചില നാടകങ്ങളിൽ 25ലേറെ രംഗങ്ങൾ വരും. അത്രയേറെ രംഗപടങ്ങളും വേണം. മൂന്ന് ദിവസത്തോളമെടുത്ത് തയ്യാറാക്കുന്നവയിൽ വളരെ കുറഞ്ഞ സമയം മാത്രമാണ് പ്രേക്ഷകന് മുൻപിൽ പ്രകടമാകുന്നത്." ഒരു പുരുഷായുസോളം നീണ്ട കലാലോകത്ത് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ആർട്ടിസ്റ്റ് സുജാതൻ പറയുന്നു.
പുതുതലമുറ നാടകങ്ങളിൽ സംഭാഷണത്തിന് പ്രാധാന്യം കുറഞ്ഞെന്നും രണ്ടായിരത്തിന് ശേഷമാണ് മാറ്റങ്ങൾ നാടകരംഗത്ത് പ്രകടമായതെന്നും സുജാതൻ വ്യക്തമാക്കുന്നു. 'നിശാഗന്ധി" എന്ന നാടകത്തിനായി 1973ലായിരുന്നു സ്വതന്ത്ര കലാകാരനായത്. ഇതുവരെ നാലായിരത്തോളം നാടകങ്ങൾക്ക് രംഗഭാഷയൊരുക്കി. കർട്ടനും കട്ടൗട്ടും ഒക്കെയായിരുന്നു ആദ്യം. മരത്തിന്റെ ഫ്രെയിം തയ്യാറാക്കി തുണിയിൽ പെയിന്റ് ചെയ്തായിരുന്നു ഇടക്കാലത്ത് രംഗപടം. മരപ്പട്ടികയുടെ കുറവ് മൂലം ഇപ്പോൾ ഇരുമ്പ് ഫ്രെയിമാണ് ഉപയോഗിക്കുന്നത്.
നാടകചരിത്രം പുസ്തകമാകും
50 വർഷത്തെ നാടകചരിത്രം എട്ടടി വീതിയും നാലടി നീളവുമുള്ള പുസ്തകമാക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് സുജാതൻ മാഷ്. കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിന്റേത് അടക്കമുള്ള രംഗപടങ്ങളാണ് ഓർമ്മയിൽ നിന്നെടുത്ത് പകർത്തുന്നത്. ഇതുവരെ 11 രംഗപടങ്ങളുടെ ചിത്രം പൂർത്തിയാക്കാനായെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.