നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കും സുഖചികിത്സ വേണം

Sunday 01 February 2026 3:18 AM IST

രോഗികൾക്കാവശ്യമായ സൗകര്യങ്ങളില്ല

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾ വലയുന്നതായി പരാതി.അടിസ്ഥാന വികസന സൗകര്യമുണ്ടെങ്കിലും വകുപ്പുതലത്തിൽ ആശുപത്രിയിലേക്ക് ആവശ്യം വേണ്ടുന്ന സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിലെ അപര്യാപ്തതയാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്.പുല‌‌ർച്ചെ പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള ചപ്പുചവറുകൾ തുറസായ സ്ഥലത്ത് കത്തിക്കുന്നത് കാരണം വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികൾക്ക് ശ്വാസതടസം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ നേരിടുന്നതായി പരാതിയുണ്ട്.കൂട്ടിരിപ്പുകാർക്കും ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.ആശുപത്രിയിലെ ഇ.സി.ജി സെക്ഷന് സമീപം മാലിന്യങ്ങളുടെ ദുർഗന്ധം കാരണം ജനങ്ങൾക്ക് മൂക്കുപൊത്തി നിൽക്കേണ്ട അവസ്ഥയാണ്.

എക്സ്റേ ഫിലിമില്ല എക്സ്റേ എടുക്കാൻ എത്തുന്ന രോഗികളോട് ഫിലിമില്ല,പകരം സ്മാർട്ട് ഫോണിൽ ഫോട്ടോ ആയി എക്സ്റേ തരാമെന്ന അസാധാരണ വാദഗതികളാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.കഴിഞ്ഞ എട്ട് മാസത്തിലധികമായി എക്സ്റേ ഫിലിം ഇവിടെയില്ലെന്ന് രോഗികൾ പറയുന്നു.

ഉയരുന്ന അപകടഭീഷണി

നെയ്യാറ്റിൻകര താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയർത്തിയിട്ടും അടിസ്ഥാനമായി ചെയ്യേണ്ടത് പോലും ചെയ്തിട്ടില്ലാ എന്നതാണ് യാഥാർത്ഥ്യം.ആശുപത്രി പരിസരത്തുള്ള ഇന്റർലോക്ക് ഫ്ലോർ ടൈലുകൾ രണ്ടു വർഷത്തിലേറെയായി ഇളകി അപകട രീതിയിൽ തുടരുകയാണ്.ഗർഭിണികൾ ഉൾപ്പടെയുള്ളവർ വരുന്നയിടത്താണ് ഈ സ്ഥിതി.ഇതിൽ തട്ടി വീണ് കുട്ടികൾ ഉൾപ്പെടെ പലർക്കും അപകടം പറ്റിയിരുന്നു.പക്ഷേ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

പുല‌ർച്ചെ മുതൽ ക്യൂ

മിക്ക ആശുപത്രികളിലും ക്യൂ നിൽക്കാതെ ഡിജിറ്റൽ ടോക്കണുകൾ എടുക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്.എന്നാൽ കോടിക്കണക്കിന് രൂപ മുടക്കി ആധുനിക രീതിയിൽ കെട്ടിടങ്ങൾ പണിതിട്ടും രോഗികളും കൂട്ടിരിപ്പുകാരും രാവിലെ മുതൽ ക്യൂ നിന്നും വേണം ഒ.പി ടിക്കറ്റുകൾ എടുക്കാൻ.രാവിലെ ഭക്ഷണം കഴിക്കാതെ പല മെ‌‌‌ഡിക്കൽ ടെസ്റ്റുകൾക്കും എത്തുന്നവർ നിരവധിയാണ്.പക്ഷേ അവർക്കും ക്യൂ നിന്ന് ടോക്കൺ എടുത്ത ശേഷം വേണം ഡോക്ടറെ കാണാൻ. അതിനാൽ ക്യൂവിൽ നിന്നും കുഴഞ്ഞ് വീണവരും നിരവധിയാണ്.പരിശോധനയ്ക്കായി ആദ്യമെത്തുന്നവർ ഡിജിറ്റൽ ടോക്കൺ എടുത്തശേഷം വേണം സീനിയോറിറ്റി പ്രകാരം ഡോക്ടറുടെ മുറിയിൽ പ്രവേശിക്കാൻ.

ഫോട്ടോ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പുലർച്ചെ 6ന് മുൻപേ ക്യൂവിൽ നിൽക്കുന്നവ‌ർ