കാപ്പനെ മന്ത്രിയാക്കാൻ പവാറുമായി ചർച്ച
കൊച്ചി :പാലായിൽ അട്ടിമറി വിജയം നേടിയ മാണി സി. കാപ്പനെ മന്ത്രിയും എ.കെ. ശശീന്ദ്രനെ സംസ്ഥാന പ്രസിഡന്റുമാക്കാൻ എൻ.സി.പിയിൽ നീക്കങ്ങൾ ശക്തമായി. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന തോമസ് ചാണ്ടി എം.എൽ.എ സംസ്ഥാന പ്രസിഡന്റ് പദവി വിട്ടുകൊടുക്കാൻ സന്നദ്ധനാകുമെന്നാണ് പ്രതീക്ഷ. ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ അംഗീകാരം നേടാൻ നേതാക്കൾ മുംബയിലെത്തി ചർച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാറ്റമുണ്ടായേക്കും.
എ.കെ. ശശീന്ദ്രനെ മാറ്റി മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന നിർദ്ദേശം സജീവമാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാലായിലെ വിജയത്തോടെ താരമായ മാണി സി. കാപ്പന് അർഹമായ അംഗീകാരമാണ് മന്ത്രിപദവിയെന്നാണ് വാദം. മാറ്റത്തെക്കുറിച്ച് എ.കെ. ശശീന്ദ്രൻ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാർട്ടി തീരുമാനിച്ചാൽ വഴങ്ങുമെന്നാണ് സൂചനകൾ.
മാണി സി. കാപ്പനെ മന്ത്രിയാക്കാൻ സി.പി.എമ്മിനും താത്പര്യമുണ്ട്. മദ്ധ്യകേരളത്തിൽ നിന്ന് സുറിയാനി ക്രിസ്ത്യാനി മന്ത്രിസഭയിൽ ഇല്ലെന്ന കുറവ് മാറും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ആരോഗ്യപ്രശ്നങ്ങൾ കാരണം തോമസ് ചാണ്ടിക്ക് പ്രസിഡന്റെന്ന നിലയിൽ ഉൗർജ്ജിതമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ചികിത്സയ്‌ക്ക് വിദേശത്ത് പോകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമെന്ന് അറിയുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം പദവി വിട്ടുനൽകിയേക്കുമെന്നാണ് സൂചന.
അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ ഘട്ടത്തിലും എൻ.സി.പിയുടെ പ്രമുഖ നേതാക്കൾ മുംബയിലാണ്. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, മാണി സി. കാപ്പൻ എം.എൽ.എ. തുടങ്ങിയവർ ശരദ് പവാറുമായി ചർച്ച നടത്തി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പോയതെന്നാണ് ഭാഷ്യം.
മാണി സി. കാപ്പനെ അഞ്ചിടത്തും പ്രചാരണത്തിനിറക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചിരുന്നു. അരൂർ, കോന്നി മണ്ഡലങ്ങളിൽ കാപ്പൻ പ്രചാരണം നടത്തി. ബാക്കി മണ്ഡലങ്ങളിൽ ഇറങ്ങും മുമ്പേ മുംബയ്‌ക്ക് പോയത് മന്ത്രിസ്ഥാനം ഉൾപ്പെടെ ചർച്ച ചെയ്യാനാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.