വിവാഹശേഷം അവഗണിച്ചു; കാമുകന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി  യുവതി

Sunday 01 February 2026 1:00 AM IST

ഹൈദരാബാദ് : പ്രണയപ്പകയെത്തുടർന്ന് യുവാവിന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയും തീകൊളുത്തി കൊന്ന് യുവതി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 28കാരിയായ യുവതിയും ചികിത്സയിലിരിക്കെ ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

പ്രതിയായ യുവതി കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്റെ വിവാഹം കഴിഞ്ഞതോടെ ഇയാൾ തന്നെ അവഗണിച്ചതിൽ പ്രകോപിതയായാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പെട്രോൾ, കത്തി, മുളകുപൊടി എന്നിവയുമായാണ് പ്രതി യുവാവിന്റെ വീട്ടിലെത്തിയത്. യുവാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അകത്തുകയറിയ പ്രതി ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനും സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയായ യുവതി മുൻപ് വിവാഹിതയായിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് ഇവർ യുവാവുമായി പ്രണയത്തിലായത്. സംഭവസമയത്ത് വീട്ടിലില്ലാതിരുന്ന ഭർത്താവിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.