കൂടുതൽ രേഖകൾ പുറത്ത്: വീണ്ടും വിവാദമായി എപ്‌സ്‌റ്റീൻ ഫയലുകൾ

Sunday 01 February 2026 7:30 AM IST

വാഷിംഗ്ടൺ: യു.എസിൽ വീണ്ടും വിവാദത്തിന് തിരികൊളുത്തി എപ്‌സ്‌റ്റീൻ ഫയലുകൾ. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കത്തുകളും രേഖകളുമൊക്കെയാണ് എപ്‌സ്റ്റീൻ ഫയലുകൾ. ഇത്തരത്തിൽ കഴിഞ്ഞ ദിവസം 35 ലക്ഷം പേജുകളും 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ ശതകോടീശ്വരൻ ഇലോൺ മസ്ക് വരെയുള്ള പ്രമുഖരുടെ പേരുകൾ രേഖകളിലുണ്ട്. ഇവർ എപ്സ്റ്റീനുമായി അടുപ്പം പുലർത്തിയവരാണെന്ന് നേരത്തെ അറിവുള്ള കാര്യമാണ്. അതേസമയം, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും വിഖ്യാത സംവിധായികയുമായ മീര നായരുടെ പേരും ഇത്തവണ ഫയലിലുണ്ട്. എപ്സ്റ്റീന്റെ മുഖ്യ കൂട്ടാളിയും കാമുകിയുമായ ഗീലെയ്ൻ മാക്‌സ്‌വെല്ലിന്റെ വസതിയിലെ പാർട്ടിയിൽ മീര പങ്കെടുത്തെന്നാണ് പരാമർശം.എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബിൽ നവംബറിൽ യു.എസ് കോൺഗ്രസ് അംഗീകരിച്ചിരുന്നു. ഇതുപ്രകാരം ഡിസംബറിൽ ആയിരക്കണക്കിന് രേഖകൾ അടങ്ങുന്ന ആദ്യ ബാച്ച് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്ന് എപ്‌സ്‌റ്റീനുമൊത്തുള്ള ട്രംപിന്റെ ഫോട്ടോ ഡിപ്പാർട്ട്മെന്റ് നീക്കിയത് വിവാദമായിരുന്നു. അവസാന ബാച്ച് ഫയലുകളാണ് ഇത്തവണത്തേതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഇനിയും രേഖകൾ പുറത്തുവരാനുണ്ടെന്ന് ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു.ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളാണ് എപ്‌സ്റ്റീൻ. ധനകാര്യ വിദഗ്ദ്ധനും സമ്പന്നനുമായിരുന്ന ഇയാളെ വിചാരണ കാത്തിരിക്കവെ, 2019ൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ സൗഹൃദം ഉപേക്ഷിച്ചെന്നും അയാളുടെ കുറ്റകൃത്യങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് പറയുന്നു.

# ട്രംപിനെതിരെ ഗുരുതര ആരോപണങ്ങൾ

 ഫയലുകളിൽ ട്രംപിനെയും ഭാര്യ മെലാനിയയേയും പറ്റി പരാമർശം. 13-ാം വയസിൽ ട്രംപ് തന്നെ പീഡിപ്പിച്ചെന്ന് അജ്ഞാത യുവതി ആരോപിക്കുന്ന 1994ലെ പരാതിയും ഇതിൽ ഉൾപ്പെടുന്നു. ട്രംപുമായി ബന്ധപ്പെട്ട് അജ്ഞാതരിൽ നിന്ന് വേറെയും ലൈംഗികാരോപണങ്ങൾ. ഇവ വ്യാജമാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പറയുന്നു

 ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രു സ്ത്രീകൾക്കൊപ്പമുള്ളതിന്റെ കൂടുതൽ ചിത്രങ്ങൾ. യുവതികളെ കാണാൻ ആൻഡ്രുവിനെ എപ്സ്റ്റീൻ ക്ഷണിക്കുന്നതിന്റെ ഇമെയിൽ

 മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് റഷ്യൻ യുവതികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടെന്നും മുൻ ഭാര്യ മെലിൻഡയിൽ നിന്ന് മറച്ചുവച്ചെന്നും പറയുന്ന എപ്സ്റ്റീൻ എഴുതിയ ഇമെയിൽ. ഗേറ്റ്സിന്റെ വക്താക്കൾ വാദം തള്ളി

 മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും എപ്സ്റ്റീന്റെ വസതി സന്ദർശിച്ചത് സംബന്ധിച്ച ഇമെയിൽ. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും താത്പര്യം പ്രകടിപ്പിച്ച് ഇലോൺ മസ്ക് നടത്തിയ ഇമെയിൽ കൈമാറ്റങ്ങൾ

 മൈക്കൽ ജാക്സൺ, മിക്ക് ജാഗർ, റിച്ചാർഡ് ബ്രാൻസൺ, കെവിൻ സ്പേസി തുടങ്ങി സെലിബ്രിറ്റികളുമൊത്തുള്ള എപ്‌സ്റ്റീന്റെ ചിത്രങ്ങൾ