'അത് വിരാട് കൊഹ്ലിയോ രോഹിത് ശര്‍മ്മയോ അല്ല'; കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ 'വേറെ ലെവല്‍'

Sunday 01 February 2026 8:11 PM IST

തിരുവനന്തപുരം: ലോക്കല്‍ ബോയ് സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും മികച്ച ഒരു മത്സരം കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. 2017ല്‍ ആദ്യ മത്സരം നടന്നത് മുതല്‍ ഇങ്ങോട്ട് ഓരോ തവണയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. സ്റ്റേഡിയം മാത്രമല്ല മറിച്ച് ഇവിടുത്തെ കാണികളും എല്ലായിപ്പോഴും ശ്രദ്ധാ കേന്ദ്രങ്ങളാണ്. മത്സരത്തിന് ശേഷം ഗ്യാലറിയിലേക്ക് നോക്കി കൈവീശി കാണിച്ച ശേഷം സഞ്ജു സാംസണ്‍ 'സൂപ്പര്‍' എന്ന ആംഗ്യമാണ് സ്വന്തം നാട്ടുകാരായ കാണികളെ നോക്കി കാണിച്ചത്.

'കൊഹ്ലിയേയും രോഹിത് ശര്‍മ്മയേയും ആര്‍ക്കും വേണ്ട'

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറുന്ന സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ഇന്ത്യന്‍ ജേഴ്‌സികള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോകാറുള്ളത്. അതില്‍ പ്രത്യേകിച്ച് അതിശയമൊന്നുമില്ല. ഇന്ത്യ പോലെ ക്രിക്കറ്റിനെ വൈകാരികമായി കാണുന്ന ഒരു ജനസമൂഹത്തില്‍ അത് സ്വാഭാവികം മാത്രമാണ്. ഇപ്പോഴത്തെ തലമുറയിലെ ഇതിഹാസ താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ എന്നിവരുടെ പേരുകളെഴുതിയ ജേഴ്‌സികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലും. എന്നാല്‍ തിരുവനന്തപുരത്ത് അതായിരുന്നില്ല സ്ഥിതി.

മത്സര ദിവസം രാവിലെ മുതല്‍ സ്റ്റേഡിയം പരിസരത്തെ കച്ചവടക്കാര്‍ സജീവമായിരുന്നു. ജേഴ്‌സി വാങ്ങാന്‍ എത്തിയ ആരാധകര്‍ പക്ഷേ തേടിയത് കൊഹ്ലിയേയോ രോഹിത്തിനേയോ അല്ല. ഇന്ത്യയുടെ ജേഴ്‌സി വാങ്ങാനെത്തിയ നല്ലൊരു പങ്ക് ആരാധകര്‍ക്കും വേണ്ടിയിരുന്നത് സഞ്ജു സാംസണ്‍ എന്ന് എഴുതിയ ജേഴ്‌സിയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ സഞ്ജു സാംസണ്‍ ജേഴ്‌സികള്‍ വിറ്റ് തീര്‍ന്നിരുന്നു. വൈകുന്നേരത്തോടെ സ്‌റ്റേഡിയം പരിസരത്ത് സഞ്ജുവിന്റെ പേരെഴുതിയ ജേഴ്‌സി കിട്ടാനില്ലാത്ത സ്ഥിതിയായി.

പല വേദികളിലും ജേഴ്‌സികള്‍ വില്‍ക്കാന്‍ പോകുമ്പോള്‍ ഡിമാന്‍ഡ് കൂടുതലും രോഹിത്തിനും കൊഹ്ലിക്കും ആണെന്നും ഇതാദ്യമായിട്ടാണ് അവരെക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ മറ്റൊരു താരത്തിന്റെ ജേഴ്‌സിക്ക് ഉണ്ടാകുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.

കേരളത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്

2017 നവംബര്‍ ഏഴിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ആയിരുന്നു അന്നും പോരാട്ടം. ഹോം ടീമിന്റെ ചെറിയ നീക്കങ്ങള്‍ക്ക് പോലും കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആരാധകര്‍ സ്വാഭാവിക കാഴ്ചയാണ്. എന്നാല്‍ അതിന് തുല്യമായി എതിര്‍ ടീമിനും പിന്തുണ കിട്ടുകയും മികച്ച പ്രകടനങ്ങള്‍ക്ക് കയ്യടി ലഭിക്കുകയും ചെയ്യുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അത് കളികാണാനെത്തിയ ജനക്കൂട്ടത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ സൂചിപ്പിക്കുന്നു എന്നുമാണ് അന്നത്തെ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടത്. സമാനമായ സ്ഥിതി തന്നെയായിരുന്നു കഴിഞ്ഞ ദിവസവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കണ്ടത്. കിവീസ് താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ക്ക് പോലും തിരുവനന്തപുരത്തെ കാണികള്‍ കയ്യടി നല്‍കി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ കാര്യത്തില്‍ മികച്ച നിലവാരമാണ് കാണികള്‍ പുലര്‍ത്തിയത് എന്നതിന്റെ തെളിവാണ് സഞ്ജു സാംസണ്‍ നല്‍കിയ അഭിനന്ദനം.