ആറാം വർഷത്തിലേക്ക് ചുവടുവച്ച് ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജ്
കോവളം: കലാകാരന്മാരുടെ കരവിരുതിന്റെ മാറ്റ് കൂട്ടിയ കോവളത്തെ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജ് ആറാം വയസിലേയ്ക്ക്. ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയവർ ഉൾപ്പെടെ 50ഓളം കലാകാരന്മാർക്ക് പുതിയ വെളിച്ചമായും കേന്ദ്രം മാറി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജ് 2021 ജനുവരി 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്. ഇന്ത്യയിൽ സംഘടിപ്പിച്ച ജി 20 രാജ്യാന്തര ഉച്ചകോടിയുടെ പ്രധാന വേദികളിലൊന്നായിരുന്നു ഇവിടം. 2024ൽ ദക്ഷിണേന്ത്യയിലെ ലീഡിംഗ് ടൂറിസം കേന്ദ്രത്തിനുള്ള സാറ്റ പുരസ്‌കാരവും ലഭിച്ചിരുന്നു.
കോവളത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. അഞ്ചാം വർഷത്തിൽ കേരളത്തെ വിസ്‌മയിപ്പിക്കുന്ന ഒട്ടേറെ കലാപരിപാടികളുടെ പണിപ്പുരയിലാണ് കേരള ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു.ശ്രീപ്രസാദ് പറഞ്ഞു.
കരകൗശല ഉത്പന്നങ്ങളിൽ മാത്രം
50 കോടി രൂപയുടെ വിറ്റുവരവ്
പുതുമകൾ ഒട്ടേറെ
മ്യൂസിക് ഫെസ്റ്റിവൽ,ഡാൻസ് ഫെസ്റ്റിവൽ,തിയേറ്റർ ഫെസ്റ്റിവൽ,കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ എന്നിവയും നടക്കുന്നുണ്ട്. കോട്ടയത്തെ അക്ഷരം മ്യൂസിയം,രാജാരവിവർമ്മ മ്യൂസിയം,ചാലിയം വാക്ക് വേ തുടങ്ങി ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകൾ ഒരുക്കുന്നതിലും വില്ലേജ് നിർണായക പങ്കുവഹിച്ചു. ഉബുറോയ് എന്ന നാടകം,ഒരു പൂമാല കഥ എന്ന സർക്കസ് തിയേറ്റർ,ഒറ്റ,സ്‌പോട്ട് ലൈറ്റ് എന്നീ നൃത്തരൂപങ്ങൾ, അഗ്നി 3 സംഗീത പരിപാടി തുടങ്ങിയവയുടെ നിർമ്മാണവും നിർവഹിച്ചു. 33 ക്രാഫ്ട്സ് സ്റ്റുഡിയോയും കേന്ദ്ര കൈത്തറി വകുപ്പിന് കീഴിലുള്ള കൈത്തറി യൂണിറ്റും പ്രവർത്തിക്കുന്നു. കരകൗശല വസ്‌തുക്കളുടെ നിർമ്മാണം വീക്ഷിക്കാനും ഇഷ്ടമുള്ളവ വാങ്ങാനും സ്റ്റുഡിയോയിൽ അവസരമുണ്ട്.
ഇതുവരെ സന്ദർശിച്ചത് - ഒരുലക്ഷത്തോളം
വിദേശ വിനോദസഞ്ചാരികൾ