ചപ്പാത്ത് മേഖലയിൽ കുടിവെള്ളമില്ല: പ്രദേശവാസികൾ ദുരിതത്തിൽ

Monday 02 February 2026 1:22 AM IST

പൂവാർ: ചപ്പാത്ത് മേഖലയിൽ കുടിവെള്ളം നിലച്ചിട്ട് ആഴ്ചകളായി. കേരള വാട്ടർ അതോറിട്ടി കാഞ്ഞിരംകുളം സെക്ഷന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വളവുനട,മൂലക്കര പമ്പ് ഹൗസുകളിൽ മോട്ടോർ കേടായതാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.എന്നാൽ അധികൃതരുടെ അനാസ്ഥയാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.

കുടിവെള്ളത്തിനായി ഗ്രാമവാസികൾ നെട്ടോട്ടമോടുകയാണ്.വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളുമടക്കമുള്ള ഗ്രാമവാസികൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.ഈ വിഷയം പരാതിയായി സെക്ഷൻ ഓഫീസിൽ അറിയിച്ചിട്ടും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,എക്സിക്യൂട്ടീവ് എൻജിനിയർ, ഓവർസിയർ തുടങ്ങിയവർ അലംഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ചപ്പാത്ത് വാർഡ് മെമ്പർ പറയുന്നു.

മോട്ടോർ പമ്പ് കേടാവുന്നതും,പൈപ്പ് ലൈൻ പൊട്ടുന്നതും സ്ഥിരം സംഭവമാണ്. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപണി നടത്തുന്നതാണ് കേടുപാടുകൾക്ക് കാരണം. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ഗ്രാമവാസികളുടെ തീരുമാനം.