കൈകോർത്ത് പനോരമയും ഫാർസും,​ റിലീസിന് 4 മലയാള ചിത്രങ്ങൾ

Monday 02 February 2026 6:55 AM IST

മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് , തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിന് പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറായി. ഫെബ്രുവരി 6ന് റിലീസ് ചെയ്യുന്ന റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'അനോമി' ആണ് ആദ്യം പുറത്തിറങ്ങുന്ന ചിത്രം.

ഏപ്രിൽ 2ന് ആഗോളതലത്തിൽ മോഹൻലാൽ ചിത്രം 'ദൃശ്യം 3' തീയേറ്ററുകളിലെത്തും. ആസിഫ് അലി നായകനാകുന്ന 'ടിക്കി ടാക്ക', കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷൻ നമ്പർ 3' എന്ന് താത്കാലികമായി പേരിട്ട ചിത്രവും ഫാർസ് ഫിലിം വിതരണം ഏറ്റെടുത്തു. അഹമ്മദ് ഗോൾചിൻ സ്ഥാപിച്ച ഫാർസ് ഫിലിം, ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദർശനവും പൂർണമായും നിയന്ത്രിക്കും. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇവരുടെ പദ്ധതി . " കഥയ്ക്കും കഴിവുള്ള താരങ്ങൾക്കും മുൻതൂക്കം നൽകുന്ന ഞങ്ങളുടെ സിനിമകൾക്ക് ഫാർസ് ഫിലിമിന്‍റെ വിതരണ കരുത്ത് വലിയ മുതൽക്കൂട്ടാകുമെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു.