ജ്യേഷ്ഠ ഭാര്യയെ പെട്രോൾ ഒഴിച്ച് പന്തമെറിഞ്ഞ് കത്തിച്ചയാൾക്ക് ജീവപര്യന്തം

Monday 02 February 2026 2:01 AM IST

നെടുമങ്ങാട് : ജ്യേഷ്ഠന്റെ ഭാര്യയെ പെട്രോൾ ഒഴിച്ചു, പന്തം എറിഞ്ഞു കത്തിച്ച പ്രതിക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആർ. രേഖ. അണ്ടൂർക്കോണം പണിമൂല വാർഡിൽ തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ എസ്. സുബിൻലാലിനെ (35) യാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഒടുക്കിയാൽ ഒന്നാം സാക്ഷിക്ക് കൈമാറണമെന്നും നഷ്ടപരിഹാരം കൊല്ലപ്പെട്ട യുവതിയുടെ എട്ടും 11 -ഉം വയസുള്ള മക്കൾക്കു നൽകണമെന്നും കോടതി വിധി ന്യായത്തിൽ ചുണ്ടിക്കാട്ടി. 2021 സെപ്തം. 21 രാവിലെ 11ഓടെയാണ്കേസിനാസ്പദമായ സംഭവം. കൊലചെയ്യപ്പെട്ട വൃന്ദ ഭർത്താവിന്റെ ഉപദ്രവം കാരണം അച്ഛനമ്മമാരോടും മക്കളോടുമൊപ്പം താമസിച്ചു വരികയായിരുന്നു.ഭർത്താവും പ്രതിയും ഇവരുടെ അച്ഛനും വൃന്ദയെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു.കാവുവിള എന്ന സ്ഥലത്ത് ലാൽ സ്റ്റിച്ചിംഗ് സെന്ററിൽ ജോലി നോക്കിയിരുന്ന വൃന്ദയെ അവിടെയെത്തിയ പ്രതികൈവശം കവറിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിക്കുകയും ഭയന്നോടിയപ്പോൾ കൈയിലുണ്ടായിരുന്ന പന്തം കത്തിച്ചെറിയുകയായിരുന്നു. തീ പടർന്ന് പിടിച്ച് ബോധരഹിതയായി നിലത്തുവീണവൃന്ദയെ രക്ഷിക്കാൻ ശ്രമിച്ച സ്ഥലവാസി രാധാസോമനും മരുമകൾക്കും തീപൊള്ളലേറ്റിരുന്നു. നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിനുശേഷം വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി ആശുപത്രി ചികിത്സയിൽ സുഖപ്പെട്ടിരുന്നു.സാഹചര്യ തെളിവുകളും ശാസ്ത്രീയ പരിശോധനകളും കുറ്റം തെളിയിക്കുന്നതിന് സഹായകമായി. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ. ആർ.ഷാജി ഹാജരായി. വെമ്പായം എ. ഷമീർ, അസീം, നീരജ് ആർ.എസ്, ഉദയൻ പുനലൂർ, അഖില അജി, അർച്ചന.ആർ തോമസ്, അനീറ്റ മേരി അലക്സ്‌ എന്നീ അഭിഭാഷക രും അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ച പോത്തൻകോട് മുൻ എസ്.എച്ച്.ഒ ശ്യാം, എസ്.സി.പി.ഒ അരവിന്ദ്, സി.പി.ഒ നവീൻ എന്നിവരും ഹാജരായിരുന്നു.