ലഹരിക്കെതിരെ സ്‌കൂളുകളിൽ 'കാവൽ പട'

Monday 02 February 2026 12:07 AM IST
പരാതിപ്പെട്ടി കാണിക്കുന്ന റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ

  • 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ

തൃശൂർ: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും, ലഹരി-പുകയില വിതരണവും വിൽപ്പനയും അധികൃതരെ അറിയിക്കാനുമായുള്ള സ്‌കൂൾ ആൻഡ് കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ (എസ്.പി.ജി/സി.പി.ജി) ശക്തമാക്കുന്നു. 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾക്ക് വേഗം കൂട്ടി. എല്ലാ സ്‌കൂളിലും സംവിധാനം ഉറപ്പാക്കാനും പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കാനും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നിർദ്ദേശം നൽകി. കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ച് എസ്.പി.ജിക്ക് ധാരണ ഉണ്ടായിരിക്കണം. സ്‌കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിയുന്ന വാഹനങ്ങൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സമാധാനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌കൂൾ ആൻഡ് കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകൾ.

മരുന്നും ലഹരിയാക്കുന്നു

മണമില്ലാത്തതും എളുപ്പം തിരിച്ചറിയാൻ കഴിയാത്തതും വിലകുറവുമായ ചികിത്സാ മരുന്നുകൾ കുട്ടികൾ ലഹരിയാക്കുന്നുണ്ടെന്നാണ് വിവരം. അദ്ധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സ്‌കൂൾ പരിസരങ്ങളിൽ പിങ്ക് പൊലീസ് പട്രോളിംഗുണ്ടാകും. അവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി തെരഞ്ഞെടുത്ത സ്‌കൂളുകളിൽ നടപ്പാക്കിയിരുന്നു. ഇത് വ്യാപിപ്പിക്കും. ചാലക്കുടി, കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. അവധിദിനങ്ങളിലും സൗജന്യ കൗൺസലിംഗ് ലഭിക്കും. റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് പ്രവർത്തനം വിലയിരുത്താനായി ജില്ലാതല ഡീബ്രിഫിംഗ് ചേർന്നിരുന്നു.

ലഹരിവിവരങ്ങൾ അറിയിക്കാൻ

'യോദ്ധാവ്' വാട്‌സ് ആപ്പ് നമ്പർ 9995 966 666 എമർജൻസി ഹെൽപ് ലൈൻ: 112 സൈബർ സുരക്ഷ ഹെൽപ് ലൈൻ: 1930 ചൈൽഡ് ലൈൻ: 1098 അടിയന്തര സാഹചര്യങ്ങളിൽ: 112

(ഇത് സംയോജിത അടിയന്തര നമ്പറാണ്. മൊബൈൽ, ലാൻഡ്‌ലൈൻ എന്നിവയിൽ ടോൾഫ്രീ ആയി 24 മണിക്കൂറും പ്രവർത്തിക്കും)

ചെറിയ ഇടപെടൽ വിദ്യാർത്ഥി സുരക്ഷയിൽ വലിയ മാറ്റം സാദ്ധ്യമാക്കും. സാമൂഹിക വിരുദ്ധരെ സ്‌കൂൾ പരിസരങ്ങളിൽ നിന്ന് അകറ്റാനാകും. സ്‌കൂൾ ആൻഡ് കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾക്ക് ചുറ്റും അദൃശ്യ സംരക്ഷണ കവചം സൃഷ്ടിക്കാനാകും.

ബി.കൃഷ്ണകുമാർ റൂറൽ ജില്ലാ പൊലീസ് മേധാവി.

ചുമതലകളേറെ

ജുവനൈൽ കുറ്റകൃത്യങ്ങൾ തടയൽ ലഹരി-പുകയില വിൽപ്പന സംബന്ധിച്ച വിവശേഖരണം സ്‌കൂൾ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനം തടയൽ ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ബോധവത്കരണം