ഇത് കൊലകൊല്ലി റോഡ്, അപകടക്കെണിയായി ചെമ്മണ്ണാർ- ഗ്യാപ് റോഡ്

Monday 02 February 2026 3:30 AM IST

ബൈസൺവാലി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നിർമ്മിച്ച ചെമ്മണ്ണാർ- ഗ്യാപ് റോഡ് യാത്രക്കാർക്ക് മരണക്കെണിയാകുന്നു. ഒരാഴ്ച മുമ്പും ചാെക്രമുടി കുടിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റിരുന്നു. കുത്തനെയുള്ള ഇറക്കവും വളവുകളും നിറഞ്ഞ ഏഴ് കിലോമീറ്റർ റോഡ് നിർമ്മിച്ചത് അശാസ്ത്രീയമായാണെന്നും ഇതാണ് വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ മറ്റാെരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങളിൽ ചെറു ഗിയറുകളുപയോഗിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുന്നതുമൂലം ബ്രേക്ക് നഷ്ടപ്പെടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സമുദ്ര നിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിലുള്ള ചാെക്രമുടി ഭാഗത്ത് റോഡ് നിർമ്മിച്ചപ്പോൾ ശാസ്ത്രീയ പഠനങ്ങളാെന്നും നടത്തിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇവിടെ ചുരത്തിന്റെ മാതൃകയിലാണ് റോഡ് നിർമ്മിക്കേണ്ടത്. എന്നാൽ പഠനമാെന്നും നടത്താതെ ലഭിച്ച ഡി.പി.ആർ അനുസരിച്ച് റോഡ് നിർമാണം പൂർത്തിയാക്കുകയാണ് നിർമാണ കരാറെടുത്ത കെ.എസ്.ടിപി ചെയ്തതെന്നാണ് ആക്ഷേപം.

4 വ‌‌ർഷം 47 അപകടം

2022ൽ റോഡ് നിർമ്മാണം പൂർത്തിയായ ശേഷം ഇതുവരെ 47 വാഹനാപകടങ്ങളാണ് കാക്കാകട മുതൽ ഗ്യാപ് വരെയുള്ള ഭാഗത്തുണ്ടായത്. ഇതിൽ 11 യാത്രക്കാർ മരിച്ചു.

മുടക്കിയത് 146.67 കോടി

റീബിൽഡ് കേരളയിലുൾപ്പെടുത്തി 146.67 കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മിച്ചത്. ചെമ്മണ്ണാർ മുതൽ ഗ്യാപ് വരെയുള്ള 29.9 കിലോമീറ്റർ റോഡിൽ ഈ ഏഴ് കിലോമീറ്റർ ഭാഗം അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്നാണ് ആക്ഷേപം.

ചെക്പോസ്റ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു റോഡിലെ അപകടഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയും ആശ്രയം ചാരിറ്രബിൾ സൊസൈറ്റിയും മ‌ർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി സാങ്കൽപ്പിക ചെക്പോസ്റ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ടി.എം. രതീഷ് അദ്ധ്യക്ഷതയിൽ ബീനിഷ് ബേബി ഉദ്ഘാടനം ചെയ്തു. ജി. ആനന്ദൻ സ്വാഗതം ആശംസിച്ചു. മെമ്പർമാരായ മഞ്ജു ജിൻസ്, ലാലി ജോർജ്, അയ്യസ്വാമി, മുൻ മെമ്പർ സിജു ജേക്കബ്ബ്, സന്തോഷ് വി.ബി, അലോളി തിരുതാളി, സാസ് സെക്രട്ടറി വി.പി. ശശികുമാർ, ലയൺസ് ക്ളബ്പ്ര സിഡന്റ് എം.ഒ. സൈമൺ, കെ.വി.വി.ഇ.എസ് സെക്രട്ടറി കെ.ആർ. സുനിൽകുമാർ, വിശ്വകർമ്മ പ്രസിഡന്റ് അനു നാരായണൻ എന്നിവർ സംസാരിച്ചു. ചൊക്രമുടി കാണി നന്ദി പറഞ്ഞു.