'വി.ഐ.പി പരിഗണനയിൽ കളികണ്ട് കട്ടേലയിലെ കുട്ടികൾ
കഴക്കൂട്ടം: ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടം നേരിട്ടുകണ്ടതിന്റെ ത്രില്ലിലാണ് കട്ടേല സ്കൂളിലെ കുട്ടികൾ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലൻഡ് ട്വന്റി-20 മത്സരം കാണാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് കട്ടേല ഡോ. അംബേദ്‌കർ സ്‌മാരക മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 50 വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങിയത്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സ്കൂൾ അധികൃതർ എം.എൽ.എയെ വിളിച്ച് കുട്ടികളുടെ ആഗ്രഹം അറിയിച്ചത്. തങ്ങളുടെ വിദ്യാലയത്തിന് തൊട്ടടുത്ത് നടക്കുന്ന രാജ്യാന്തര മത്സരം കാണാൻ കുട്ടികൾക്ക് ആഗ്രഹമുണ്ടെന്നറിഞ്ഞ എം.എൽ.എ അവർക്ക് വാക്കുനൽകുകയായിരുന്നു. തുടന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദുമായി സംസാരിച്ച് 50 കുട്ടികൾക്ക് മത്സരത്തിന്റെ ടിക്കറ്റുകൾ സൗജന്യമായി ലഭ്യമാക്കി. സ്കൂളിലെ ആയിരത്തിലേറെ വിദ്യാർത്ഥികളിൽ നിന്നും കായിക മേഖലയിൽ താത്പര്യമുള്ള 50 കുട്ടികളെയാണ് തിരഞ്ഞെടുത്തത്.