അന്താരാഷ്ട്ര നാടകോത്സവത്തിന് സമാപനം

Monday 02 February 2026 12:00 AM IST

തൃശൂർ: സാംസ്‌കാരിക നഗരിയായ തൃശൂരിന്റെ മണ്ണിൽ ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല വീണു. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ എട്ടു ദിവസം നീണ്ടു നിന്ന നാടകോത്സവത്തിൽ 8 വിദേശ നാടകങ്ങളും 14 ദേശീയ നാടകങ്ങളുമടക്കം 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് നടന്നത്. സമാപന സമ്മേളനം ഫെസ്റ്റിവൽ ക്യൂറേറ്റർ അനാമിക ഹക്‌സർ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ മുഖ്യാതിഥിയായി. അക്കാഡമി വൈസ് ചെയർപേഴ്‌സൺ പി.ആർ.പുഷ്പവതി, അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി,ഫെസ്റ്റിവൽ ഡയറക്ടർ ജലീൽ ടി കുന്നത്ത് എന്നിവർ സംസാരിച്ചു. സമാപന ദിവസത്തെ അവസാന നാടകമായി ബ്രസീലിൽ നിന്നുള്ള എ സ്‌ക്രീം ഇൻ ദി ഡാർക്ക് അക്കാഡമിയുടെ ആക്ടർ മുരളി തീയേറ്ററിൽ അരങ്ങേറി. ഇറ്റ്‌ഫോക് പതിനേഴാം പതിപ്പിന്റെ തീയതി പ്രഖ്യാപിച്ചു. 2027 ജനുവരി 24 മുതൽ 31 വരെയാണ് ഇറ്റ്‌ഫോക് പതിനേഴാം പതിപ്പ് സംഘടിപ്പിക്കുക. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളിയാണ് തീയതി പ്രഖ്യാപിച്ചത്.