ജില്ലയിൽ ഗർഭിണികൾക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ

Monday 02 February 2026 12:14 AM IST

ആലപ്പുഴ: ഗർഭസ്ഥ ശിശുവിന്റെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാതെ പോവുക, പ്രസവത്തിനിടെ ഗർഭിണിയുടെ ജീവൻ നഷ്ടപ്പെടുക, പ്രസവം നിറുത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിക്കുക തുടങ്ങി നിരവധി കേസുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ വിവാദമായതിന് പിന്നാലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാൻ മടിച്ച് ഗർഭിണികൾ. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം രണ്ട് വർഷത്തിനിടെ ആലപ്പുഴയിൽ ഗണ്യമായ തോതിലാണ് സർക്കാർ മേഖലയെ ഗർഭിണികളുടെ കൈയൊഴിഞ്ഞത്. കൂടുതൽ സുരക്ഷ,​ സൗകര്യം എന്നിവയാണ് സ്വകാര്യമേഖലയിലേക്ക് അവരെ ആകർഷിക്കുന്നത്.

2024-25 സാമ്പത്തികവർഷം 10,396 പ്രസവങ്ങളാണ് ജില്ലയിൽ നടന്നത്. അതിൽ 4,125 മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. ഇത് ആകെ പ്രസവങ്ങളുടെ 39.68 ശതമാനം മാത്രമാണ്.ബാക്കിയെല്ലാം സ്വകാര്യ മേഖലയിലായിരുന്നു. 2020-21 വർഷത്തിൽ 54.53 ശതമാനമായിരുന്നു സർക്കാർ ആശുപത്രകളിലെ പ്രസവം. സ്വകാര്യമേഖലയിലെ പ്രസവനിരക്ക് നാലുവർഷത്തിനിടെ 45.46 ശതമാനത്തിൽ നിന്ന് 60.32 ശതമാനമായി ഉയർന്നു. ഉന്നതനിലവാരമുള്ള മെറ്റേണിറ്റി ആശുപത്രികൾ ജില്ലയിലാരംഭിച്ചതും ഗർഭിണികളെ ആകർഷിച്ചു. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ മാത്രം നിരവധി പരാതികൾ നിലവിലുണ്ട്. ഇതടക്കം പൊതുവിൽ പേരുദോഷത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പടെ ഏഴ് ആശുപത്രികളാണ് ജില്ലയിൽ സർക്കാർ സംവിധാനത്തിലുള്ളത്. മാവേലിക്കര, ചെങ്ങന്നൂർ ജില്ലാ ആശുപത്രികൾ, കടപ്പുറം വനിതാ-ശിശു ആശുപത്രി, ചേർത്തല, കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളാണ് പ്രസവ സൗകര്യമുള്ള ആശുപത്രികൾ.

കൈവിട്ട കാരണം

#റിപ്പോർട്ട് ചെയ്ത മരണങ്ങളും വൈകല്യങ്ങളും

#സർക്കാർ ആശുപത്രികളിലെ അസൗകര്യങ്ങൾ

# മെച്ചപ്പെട്ട ചികിത്സ ലഭിക്കില്ലെന്ന ആശങ്ക

# കിടത്തിച്ചികിത്സയ്ക്ക് സ്വകാര്യ മുറികളില്ല

# പേവാർഡ് സൗകര്യമില്ല

കാശ് പോയാലും ഉയിര് മുഖ്യം!

# ജനനി സുരക്ഷയോജന പ്രകാരം ഗ്രാമപ്രദേശങ്ങളിലെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയാൽ 1400ഉം നഗരത്തിൽ 1000 രൂപയും നൽകും.ജനനി ശിശുസുരക്ഷാ കാര്യക്രം പ്രകാരം സൗജന്യമരുന്ന്, ഭക്ഷണം,പരിശോധന, സൗജന്യ ഗതാഗതം എന്നീ സൗകര്യങ്ങളും 42 ദിവസത്തേക്ക് ലഭിക്കും.എന്നിട്ടും,​ പണം മുടക്കി സ്വകാര്യ ആശുപത്രികളിൽ അഭയം പ്രാപിക്കുന്നതിന്റെ പ്രധാനകാരണം സുരക്ഷയാണ്

# 2024 ജനുവരിയിലാണ് കടപ്പുറം വനിതാ- ശിശു ആശുപത്രിയിൽ പ്രസവം നിറുത്തൽ ശസ്ത്രക്രിയക്കിടെ പഴവീട് സ്വദേശിനി ആശ ശരത്ത് മരിച്ചത്.സംഭവം വിവാദമായതിന് പിന്നാലെ ദീർഘകാലം ആശുപത്രിയിൽ പ്രസവംനിറുത്തൽ നടത്തിയിരുന്നില്ല. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചെങ്കിലും, ആശയുടെ മരണത്തിന് ശേഷം മൂന്ന് പേർക്ക് മാത്രമാണ് പ്രസവം നിറുത്തൽ ശസ്ത്രക്രിയ നടത്തിയത്

പ്രസവക്കണക്ക് (വർഷം,​ സർക്കാർ,​ സ്വകാര്യമേഖല,​ ആകെ)​ 2020-21: 8,188 - 6,826 - 15,014 2021-22 : 7,882 - 7,776 - 15,658 2022-23: 7,250 - 7,250 - 14,500 2023-24 : 5,641 - 7,052 - 12,693 2024-25 : 4,125 - 6,271 - 10,396