തിരുവത്രയിൽ മുഖംമൂടി ആക്രമണം: മദ്ധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ചു
ചാവക്കാട്: തിരുവത്രയിൽ തനിച്ച് താമസിക്കുന്ന മദ്ധ്യവയസ്‌കനെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവത്ര ഇ.എം.എസ് നഗറിൽ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദിനെയാണ് (52) വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
കഴുത്തിലും നെഞ്ചിലും കാലിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഹമീദിനെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ ഹമീദ് വീട്ടിൽ നിന്നും ഓടി സമീപത്തെ വീട്ടിൽ താമസിക്കുന്ന യുവാക്കളുടെ അടുത്തെത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് ആംബുലൻസെത്തി രക്തത്തിൽ കുളിച്ചുകിടന്ന ഹമീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.