ശിവകൃപയിൽ ഇത് നീർമാതളം പൂത്തകാലം
മാന്നാർ: കുരട്ടിശ്ശേരി ശിവകൃപയിൽ അനിൽകുമാറിന് ഇത് നീർമാതളം പൂത്ത കാലം. മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്ന അനിൽകുമാർ നാലു വർഷം മുമ്പ് തൃശൂർ മണ്ണുത്തിയിലെ സ്വകാര്യ നഴ്സറിയിൽ നിന്ന് എത്തിച്ച് നട്ടുവളർത്തിയ നീർമാതളമാണ് പൂത്തുലഞ്ഞത്. വീട്ടുമുറ്റത്തെ നീർമാതളം പൂത്തുലഞ്ഞപ്പോൾ അനിൽകുമാറിന്റെ മനസും ആഹ്ലാദം പൂത്തുലയുകയാണ്. പല രാജ്യങ്ങളിൽ നിന്നുള്ള വാഴകൾ, പ്ലാവുകൾ, ആമ്പൽ, താമര, ആകാശ വെള്ളരി, രുദ്രാക്ഷ മരം, കൃഷ്ണനാൽ, കർപ്പൂര മരം, അശോക വനത്തിലെ ശിംശിപ, മയിൽ പൂവ് എന്നിങ്ങനെ വൈവിദ്ധ്യം നിറഞ്ഞതും ആപൂർവവുമായ സസ്യങ്ങളും വൃക്ഷങ്ങളും അനിൽ കുമാറിന്റെ വീട്ടുവളപ്പിൽ തണൽ വിരിക്കുന്നു. ജോലി സംബന്ധമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ശേഖരിച്ചു കൊണ്ടുവന്ന് നട്ടുവളർത്തിയതാണ് അവയിൽ അധികവും.
മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്കൂൾ റിട്ട.അദ്ധ്യാപികയായ ഭാര്യ അജിതയാണ് അനിൽ കുമാറിനൊപ്പം ഈ അപൂർവ ഉദ്യാനം പരിപാലിക്കുന്നത്. മകൻ വരുൺ വിദേശ ബാങ്ക് ഉദ്യോഗസ്ഥനാണ്. മകൾ ഗായത്രി പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലിചെയ്യുന്നു. വെറ്ററിനറി ഡോക്ടറായ അനഘ മരുമകളാണ്.
രണ്ടാഴ്ച വരെ വാടില്ല
നീർമാതളമെന്ന് കേൾക്കുമ്പോൾ മലയാളികളുടെ ഓർമ്മയിലെത്തുക കമലാ സുരയ്യയെന്ന മാധവിക്കുട്ടിയെയാണ്. സന്ധ്യയോടെ വിരിയുന്ന പൂക്കൾ രണ്ടാഴ്ച വരെ വാടാതെ നിൽക്കും. പൂക്കൾക്ക് മാദകഗന്ധമാണ്. ഡിസംബർ മാസത്തിൽ ഇലകളെല്ലാം കൊഴിഞ്ഞ് ജനുവരിയോടെ തളിർത്ത് കഴിയുമ്പോഴാണ് നീർമാതളം പൂത്തുലയുന്നത്. പൂക്കൾ ആദ്യം വെള്ള നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലും കാണപ്പെടുന്നു.പുഷ്പങ്ങൾക്കു 4ബാഹ്യ ദളങ്ങളും 4ദളങ്ങളും ഉണ്ട്. ആൺപൂക്കളും പെൺപൂക്കളും പലപ്പോഴും ഒരു ചെടിയിൽ തന്നെ കാണാം. ചെറുനാരങ്ങയുടെ ആകൃതിയിലുള്ള കായും ചെറിയ വിത്തുകളുമാണ് നീർമാതളത്തിനുള്ളത്.