ഏഴോളം വീടുകളിൽ മോഷണ ശ്രമം: ഒരാൾ പൊലീസ് പിടിയിൽ

Monday 02 February 2026 3:30 AM IST

സുൽത്താൻ ബത്തേരി: മണിച്ചിറയിൽ വീട് കുത്തി തുറന്ന്‌മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഒരാൾ പൊലീസ് പിടിയിലായി. കൂട്ട് പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയോടെ മണിച്ചിറയിലെ ഏഴ് വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ഇതിൽ രണ്ട് വീടിന്റെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്നെങ്കിലും വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് കല്ലിച്ചാൽ തിരുമംഗലത്ത് വീരമണി (48) ആണ് പിടിയിലായത്. ഇയാളുടെ സഹായി മണിയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

മണിച്ചിറ മാവാടി പാതിരിപ്പുള്ളി അഷ്രഫിന്റെ വീട്ടിലും അയൽവാസി നായ്ക്കുണ്ടത്തിൽ നൗഷിബയുടെ വീട്ടിലുമാണ് വാതിൽ കുത്തി തുറന്ന്‌മോഷണം നടത്താനുള്ള ശ്രമം നടത്തിയത്. വീട്ടുകാർ അറിഞ്ഞ് ബഹളം വെച്ചതോടെമോഷ്ടക്കാൾ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളിറങ്ങിയ വിവരമറിത്ത നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുംചേർന്ന് നടത്തിയ തെരച്ചിലിൽ മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ നോക്കിയ വീരമണി ഓടുന്നതിനിടെ കുഴിയിൽ വീണു. പൊലീസ് ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസും നാട്ടുകാരും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന ഈ റോഡ് സ്വദേശി മണി ഓടി രക്ഷപ്പെട്ടു. പിടിയിലായ തമിഴ്നാട് എരുമാട് സ്വദേശി വീരമണി കൊലപാതകകേസുകളിലടക്കം കൂട്ടുപ്രതിയാണ്. തമിഴ്നാട്ടിലെ നിരവധി മോഷണകേസുകളിലും, 2022 ൽ അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണകേസിലും ഇയാൾ പ്രതിയാണ്. ഓടി രക്ഷപ്പെട്ട ഇയാളുടെ സഹായി മണിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

മോഷണ ശ്രമത്തിനിടെ പിടിയിലായ തമിഴ്നാട് സ്വദേശി വീരമണി