വികസനവും ധനകാര്യ അച്ചടക്കവും മുഖമുദ്ര

Monday 02 February 2026 1:21 AM IST

വികസനത്തിലെ ഊന്നലും ധനകാര്യ അച്ചടക്കവുമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിന്റെ മുഖമുദ്ര. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കൊവിഡിനുശേഷം അഞ്ച് വർഷമായി ഉയർന്ന തലത്തിലാണ്. 2022 മുതൽ 2026വരെയുള്ള കാലഘട്ടത്തിൽ ജി.ഡി.പി വളർച്ച ശരാശരി പ്രതിവർഷം 8.1ശതമാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്ക് നിലനിറുത്തുകയെന്നതാണ് ധനമന്ത്രിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന് കൂടുതൽ നികുതി വരുമാനം ലഭിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾക്ക് അധികപണം ചെലവിടണമെങ്കിലും മികച്ച വളർച്ച വേണം. അതിനാലാണ് വളർച്ചയ്ക്കും വികസനത്തിനും പ്രാധാന്യം നൽകിയത്. നടപ്പു സാമ്പത്തിക വർഷം 7.4 ശതമാനമാണ് പ്രതീക്ഷിക്കുന്ന വളർച്ച. ഇന്ത്യയ്ക്ക് ട്രംപ് 50% താരിഫ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലും ഉയർന്ന വളർച്ച നേടാനാകുന്നു. ഈ നിരക്ക് നിലനിറുത്തുകയാണ് പ്രധാന ലക്ഷ്യം.

ഇതിനിടയിൽ സാമ്പത്തിക അച്ചടക്കം കൈവിടാനും കഴിയില്ല. ധനകാര്യ കമ്മിയിൽ മികച്ച നേട്ടമാണുള്ളത്. ധനക്കമ്മി കൊവിഡ് വർഷത്തിൽ 9.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി 4.4ലേക്ക് കുറയ്ക്കാൻ ധനമന്ത്രിക്ക് കഴിഞ്ഞു. അടുത്ത സാമ്പത്തികവർഷം ധനക്കമ്മി 4.3 ശതമാനമാക്കുമെന്നാണ് പ്രഖ്യാപനം. ധനകാര്യ അച്ചടക്കത്തിന് ഡെറ്റ് ടു ജി.ഡി.പി റേഷ്യോ എന്ന പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുന്നു. ജി.ഡി.പി അനുപാതത്തിൽ രാജ്യത്തിന്റെ കടം എത്രയാണെന്ന് കണക്കാക്കുന്ന ഈ മാനദണ്ഡമനുസരിച്ച് 55.6% എന്ന ലക്ഷ്യമാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 2030 ആകുമ്പോഴേക്കും കടം-ജി.ഡി.പി അനുപാതം 50%മാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.

എന്നാൽ ബഡ്‌ജറ്റിനോട് ഓഹരി വിപണി വളരെ പ്രതികൂലമായാണ് പ്രതികരിച്ചത്. ഓഹരി നിക്ഷേപത്തിന് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് തകർച്ചയ്ക്ക് ഒരു കാരണം. ദീർഘകാല മൂലധന നിക്ഷേപ നേട്ടത്തിന് ആനുകൂല്യങ്ങൾ ഉണ്ടാകുമെന്നാണ് നിക്ഷേപ സമൂഹം പ്രതീക്ഷിച്ചിരുന്നത്. ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസിന് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻസ് ടാക്‌സ് വർദ്ധിപ്പിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. അതൊരു ശരിയായ നടപടിയാണ്.

റീട്ടെയിൽ ട്രേഡർമാർ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയാണ് വേണ്ടത്. ഷെയർ ബൈബാക്ക് കമ്പനികൾ നടത്തുമ്പോൾ അതിന്റെ ടാക്‌സേഷനെ ക്യാപിറ്റൽ ഗെയിൻ ടാക്‌സായി കണക്കാക്കി എല്ലാ നിക്ഷേപകരെയും ഒരുപോലെ പരിഗണിക്കുന്നതാണ് ബഡ്‌ജറ്റിലെ മറ്റൊരു നല്ല തീരുമാനം.

( ജിയോജിത് ടെക്നോളജീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ )