സിലിയെ ഇല്ലാതാക്കിയത് സ്വർണത്തിനായി?​ 40 പവൻ കാണിക്കവഞ്ചിയിൽ ഇട്ടെന്ന മൊഴി കള്ളമെന്ന് ബന്ധുക്കൾ

Wednesday 16 October 2019 10:31 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നിൽ സ്വർണം കൈക്കലാക്കാനുള്ള ശ്രമമെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഷാജു പറഞ്ഞത്. എന്നാൽ,​ ഇതു ശരിയല്ലെന്ന് സിലിയുടെ ബന്ധുക്കൾ പറഞ്ഞു.

ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശേരിയിലെ ദന്താശുപത്രിയിലെത്തിയതെന്നും,​ ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ,​ ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു.

അതേസമയം,​ കൊലക്കേസ് പ്രതി ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു മരിച്ച റോയിയുടെ സഹോദരൻ റോജോ തോമസ് പറഞ്ഞു. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ലെന്നും നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ വ്യക്തമാക്കി. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.