പൊതു പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻതൂക്കം നൽകി വൻ പ്രഖ്യാപനങ്ങൾ കേന്ദ്ര ബഡ്ജറ്റിിൽ ഇല്ലെങ്കിലും പൊതുവായി പ്രഖ്യാപിച്ച പല പദ്ധതികളും കേരളത്തിന് ഗുണം ലഭിക്കുന്നവയാണ്. അതേസമയം,നാലു പദ്ധതികളിൽ കേരളത്തിന് മുൻതൂക്കം ലഭിക്കും
1.അപൂർവ ധാതു ഇടനാഴി :
അപൂർവ ധാതു ഇടനാഴിയാണ് കേരളത്തിന്റെ പേരെടുത്തു പറഞ്ഞ പദ്ധതി. ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമാണെങ്കിലും ധാതു സമ്പുഷ്‌ടമായ കടൽതീരമുള്ള കേരളത്തിന് പ്രയോജനപ്പെടും. ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
2. നാളികേര പ്രോത്സാഹന പദ്ധതി
കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ പഴയതും ഉൽപ്പാദനക്ഷമമല്ലാത്തതുമായ തെങ്ങുകൾക്ക് പകരം പുതിയവ വളർത്തും. തീരമേഖലയിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുമാവ് തുടങ്ങിയ വിളകളെ പിന്തുണയ്‌ക്കുമെന്നും ബഡ‌്‌ജറ്റിലുണ്ട്.
3.ആയുവേദ ഇൻസ്റ്റിറ്റ്യൂട്ട്:
എയിംസ് ലഭിക്കാത്ത കേരളത്തിന് ഒരുപക്ഷേ മൂന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്ന് പ്രതീക്ഷിക്കാം. മൂന്ന് ദേശീയ ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യട്ടുകളും(നിപ്പർ) പ്രഖ്യാപിച്ചിട്ടുണ്ട്.
4.ജലചരക്കു ഗതാഗതം:
വിഴിഞ്ഞം, കൊച്ചി, ബേപ്പൂർ തുറമുഖങ്ങളും ഏറെ ജലാശയങ്ങളുമുള്ള കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കോസ്റ്റൽ കാർഗോ പ്രമോഷൻ പദ്ധതി. 2047 ആകുമ്പോഴേക്കും ഉൾനാടൻ ജലപാതകളുടെയും തീരദേശ ഷിപ്പിംഗിന്റെയും പങ്ക് അറു ശതമാനത്തിൽ നിന്ന് 12 ആയി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതീക്ഷ നൽകുന്ന
മറ്റു പദ്ധതികൾ
ഒരു സംസ്ഥാനത്തിന്റെയും പേരെടുത്ത് പറയാതെ പ്രഖ്യാപിച്ച പദ്ധതികളിൽ കേരളത്തിനും പ്രതീക്ഷയ്‌ക്ക് വകയുണ്ട്.
സ്വകാര്യ മേഖലയുമായി സഹകരിച്ച് മെഡിക്കൽ, വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ സംയോജിപ്പിക്കുന്ന അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ: ആയുഷ് സെന്ററുകൾ, മെഡിക്കൽ വാല്യൂ ടൂറിസം ഫെസിലിറ്റേഷൻ സെന്ററുകൾ, ഡയഗ്നോസ്റ്റിക്സ്, പോസ്റ്റ്-കെയർ, പുനരധിവാസം എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം. മെഡിക്കൽ മേഖലയിലുള്ളവർക്ക് തൊഴിലവസരം.
പ്രധാന വ്യാവസായിക, ലോജിസ്റ്റിക്സ് ഇടനാഴികളുടെ സമീപം 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ: ഒന്നിലധികം സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ .
മൂന്ന് കെമിക്കൽ പാർക്കുകൾ
വിഴിഞ്ഞം തുറമുഖമുള്ള കേരളത്തിന് പുതിയ കണ്ടെയ്‌നർ നിർമ്മാണ പദ്ധതിയിലും പ്രതീക്ഷയ്‌ക്കു വകയുണ്ട്.
കേരളത്തിൽ കടലാമകളുള്ള മേഖലകൾക്കായി പ്രത്യേക ഇക്കോ ടൂറിസം പദ്ധതിയും പ്രഖ്യാപിച്ചു. ഒഡീഷ,കർണാടക സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്.
കശുവണ്ടി,കൊക്കോ എന്നിവയുടെ ഉത്പാദനവും മൂല്യവർദ്ധിത സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി കേരളത്തിന് പ്രയോജനപ്പെടും. പുതിയ 3 ദേശീയ ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യട്ടുകൾ (നിപ്പർ) എവിടെ സ്ഥാപിക്കുമെന്ന് പറയാത്തതും പ്രതീക്ഷയാണ്.