സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ബഡ്‌ജറ്റ്

Monday 02 February 2026 1:36 AM IST

എല്ലാവർക്കുമൊപ്പം,​ എല്ലാവരുടെയും വികസനം എന്ന ലക്ഷ്യപ്രാപ്തിയിലേക്കുള്ള സാമ്പത്തിക പാത സുഗമമാക്കുന്നതാണ് മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്‌ജറ്റ്. കാഞ്ചിപുരം പട്ടുസാരിയണിഞ്ഞെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ,​ തുടർച്ചയായി അവതരിപ്പിച്ച ഒൻപതാമത്തെ ബഡ്‌ജറ്റ് കൂടിയാണിത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പ്രഥമ കർത്തവ്യമെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്‌ജറ്റ് അവതരണം തുടങ്ങിയത്.

ബഡ്‌ജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി,​ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ധനമന്ത്രി ഔപചാരികമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായി ഞായറാഴ്ച അവതരിപ്പിച്ച ബഡ്‌ജറ്റ് കൂടിയാണിത്.

ലോകം മുഴുവൻ സാമ്പത്തിക വളർച്ചാമാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച സുസ്ഥിരവും തുടർച്ചയായതുമാക്കാൻ ആറ് മുൻഗണനാ മേഖലകൾക്കാണ് ബഡ്‌ജറ്റ് പ്രധാനമായും ഊന്നൽ നൽകുന്നത്. സെമി കണ്ടക്റ്ററുകൾ, ബയോ ഫാർമ, ടെക്സ്റ്റയിൽസ്, സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, നഗര സാമ്പത്തിക ക്ളസ്റ്ററുകൾ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. താരിഫ് യുദ്ധത്തിലൂടെ കയറ്റുമതിക്ക് നേരിട്ടിരിക്കുന്ന തിരിച്ചടിയെ, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് തൊഴിലവസരങ്ങൾ ഉയർത്തി അവസരമാക്കി മാറ്റാൻ പ്രേരിപ്പിക്കുന്നതാണ് പ്രധാനമായും ധനമന്ത്രി ബഡ്‌ജറ്റിൽ മുന്നോട്ടുവച്ച ഭൂരിപക്ഷം നിർദ്ദേശങ്ങളും.

തന്ത്രപ്രധാനവും മുൻനിരയിലുള്ളതുമായ മേഖലകളായ ആരോഗ്യം, ഇലക്ട്രോണിക്സ്, കെമിക്കൽസ്, മൂലധന വസ്തുക്കൾ എന്നിവയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ പരമപ്രാധാന്യം നൽകുന്നതെന്ന് ധനമന്ത്രി ബഡ്‌ജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ പദ്ധതിയിൽ കേരളം സ്ഥാനം പിടിക്കാത്തതിരുന്നത് നിരാശയായി. ബഡ്‌ജറ്റിൽ മുംബയ് - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് -ചെന്നൈ, ചെന്നൈ - ബംഗളൂരു, ഡൽഹി -വാരാണസി, വാരാണസി - സിലിഗുരി എന്നിങ്ങനെ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാനം ഉൾപ്പെടാതിരുന്നതിൽ പ്രതിഷേധിച്ച് കേരള എം.പിമാർ 'കേരളം, കേരളം" എന്ന് ബഡ്‌ജറ്റ് അവതരണത്തിനിടെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞിരുന്നു. എയിംസിനു വേണ്ടി ദീർഘവർഷങ്ങളായി സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരുന്നആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാതിരുന്നതും നിരാശയായി. എന്നാൽ, ധാതുലവണങ്ങളുടെ നിക്ഷേപങ്ങളാൽ സമ്പന്നമായ കേരളം, ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് കേന്ദ്ര ബഡ്‌ജറ്റിൽ ധാതു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന്റെ മൂലക്കല്ലായി ധാതുലവണങ്ങളെ മാറ്റാനുള്ള അവസരമായി സംസ്ഥാനം ഇതിനെ വീക്ഷിക്കേണ്ടതുണ്ട്. അപൂർവ ധാതുഖനനം കൂട്ടാനുള്ള ഈ പദ്ധതി, വിവാദങ്ങൾക്കു പിന്നാലെ പോകാതെ വിനിയോഗിക്കാനാണ് സംസ്ഥാനം ശ്രമിക്കേണ്ടത്.

കൊവിഡ് മഹാമാരിയുടെയും മറ്റും അനുഭവവും പശ്ചാത്തലവും രാജ്യത്ത് മാറിയ ആരോഗ്യസംരക്ഷണം ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് 'ബയോഫാർമ ശക്തി" ധനമന്ത്രി പ്രഖ്യാപിച്ചത്. വിജ്ഞാനം, ടെക്‌നോളജി, നവീനമായ പദ്ധതികൾ എന്നിവയുടെ സംയോജനത്തിലൂടെ ഉരുത്തിരിയുന്ന പുരോഗതിയാണ് ആരോഗ്യമേഖലയിൽ ഇനി വേണ്ടത്. 'ബയോഫാർമ ശക്തി"യുടെ ലക്ഷ്യം അതായിരിക്കും. ഇന്ത്യയെ ആഗോള ബയോഫാർമ ഹബ്ബാക്കി മാറ്റാൻ ഉദ്ദേശിച്ച് 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിനുകൾ, മോണോക്ളോണൽ ആന്റി ബോഡികൾ, സെൽ- ജീൻ തെറാപ്പി എന്നിവയിൽ വലിയ കുതിച്ചുചാട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി മൂന്ന് ദേശീയ ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളും തുടങ്ങുന്നതായിരിക്കും.

ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കേണ്ട മറ്റൊരു പ്രധാന വിഭാഗമായ സെമികണ്ടക്റ്റർ മേഖലയ്ക്ക് 40,000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. സെമി കണ്ടക്റ്റർ ചിപ്പ് നിർമ്മാണത്തിനു പുറമേ അനുബന്ധ സാമഗ്രികൾ, ഉപകരണങ്ങൾ, ഡിസൈൻ എന്നിവയ്ക്കും ഈ ബഡ്‌ജറ്റിൽ മുൻഗണന നൽകുന്നു. ഇന്ത്യ സെമികണ്ടക്റ്റർ മിഷന്റെ ഭാഗമായി നിലവിൽ 76,000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്കു കീഴിൽ 10 സെമികണ്ടക്റ്റർ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ചിപ്പ് ഡിസൈൻ ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് 15 കോടി രൂപവരെ ധനസഹായം ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഈ ബഡ്‌ജറ്റ് ഇലക്ട്രോണിക് നിർമ്മാണമേഖലയിൽ വലിയ കുതിപ്പിനാകും ഇടയാക്കുക.

എം.എസ്.എം.ഇ മേഖലയുടെ വളർച്ചയ്ക്കായി 10,000 കോടിയുടെ പ്രത്യേക ഫണ്ട് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, പുതിയ വിപണികളിലേക്ക് വികസിക്കുക, ക്രെഡിറ്റ് ലഭ്യത എളുപ്പമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഈ ഫണ്ട് വിനിയോഗിക്കും. ഇതിന്റെ ഭാഗമായി വനിതകൾ, എസ്.സി- എസ്.ടി സംരംഭകർ എന്നിവർക്കും പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കെമിക്കൽ മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന നിരവധി പ്രഖ്യാപനങ്ങളും ബഡ്‌ജറ്റിൽ നടത്തിയിട്ടുണ്ട്. ആഭ്യന്തര കെമിക്കൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക കെമിക്കൽ പാർക്കുകൾ സ്ഥാപിക്കും. ഫോസ്‌ഫറിക് ആസിഡ്, ബോറിക് ആസിഡ്, സോർബിറ്റോൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും നിർദ്ദേശമുണ്ട്. റെയർ എർത്ത് പെർമനന്റ് മാഗ്‌നറ്റ് ഉത്പാദനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണിത്.

ആദായ നികുതി നിയമങ്ങൾ ലഘൂകരിക്കുന്നത് ഉൾപ്പെടെയുള്ള വലിയ മാറ്റങ്ങളുമായി പുതിയ ആദായ നികുതി നിയമം ഈവർഷം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ നൽകുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉണ്ടാകും.

ആദായ നികുതി റിട്ടേൺ ജൂലായ് 31 വരെ സമർപ്പിക്കാം. പരിശോധനയ്ക്കു ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം. വിദേശ യാത്രാനികുതി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടി.സി.എസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി കുറച്ചു. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല. ക്യാൻസർ ചികിത്സയ്ക്കുള്ള 17 മരുന്നുകളുടെ വില കുറയും. ഏഴ് അപൂർവ രോഗങ്ങളുടെ മരുന്നുകൾക്കും തീരുവ ഇല്ല.

എല്ലാ ജില്ലകളിലും വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റൽ, കേരളത്തിൽ കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം, മെഡിക്കൽ ടൂറിസത്തിന് പദ്ധതി, അഞ്ച് ദേശീയ ജലപാതകൾ, സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മിഷൻ ഗ്രാന്റ്, നാളികേര ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതി, കണ്ടെയ്‌നർ നിർമ്മാണത്തിന് പ്രത്യേക പദ്ധതി തുടങ്ങിയവയും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ളവകരമായ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ, രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ അധികശ്രദ്ധ പതിപ്പിക്കുന്ന ഒന്നാണ് മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്‌ജറ്റ്. ജനങ്ങളുടെ കൈയടി നേടാനല്ല, രാജ്യത്തിന്റെ വികസനത്തിൽ കൈയൊപ്പ് ചാർത്താനാണ് ബഡ്‌ജറ്റ് ശ്രമിച്ചിരിക്കുന്നത്. കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് സന്തോഷിക്കാനായി അധികമൊന്നും കിട്ടിയതുമില്ല.