പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചതിന് ഐസിസിയുടെ മറുപടി എന്താകും? ഗുണം ഇന്ത്യയ്‌ക്കുതന്നെയെന്ന് വിവരം
ദുബായ്: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ നിന്നും ബംഗ്ളാദേശ് പിന്മാറിയതിൽ പ്രതിഷേധം അറിയിച്ച രാജ്യം പാകിസ്ഥാനാണ്. ട്വന്റി 20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനും പിന്മാറും എന്ന് മുൻപ് സൂചനയുണ്ടായിരുന്നു എങ്കിലും പരമ്പര കളിക്കാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ ഫെബ്രുവരി 15ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം കളിക്കില്ല എന്നാണ് പിസിബി വ്യക്തമാക്കിയത്. പാക് സർക്കാർ തീരുമാനം അനുസരിച്ചാണ് ഇത്.
പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ മത്സരങ്ങൾക്ക് സാധാരണ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകാറുണ്ട്. ബ്രോഡ്‌കാസ്റ്റ് അവകാശങ്ങളും സ്‌പോൺസർഷിപ്പും മറ്റും ഇന്ത്യയുടെ മത്സരങ്ങൾക്കാണ് സാധാരണ കൂടുതൽ. ഏകദേശം 12 മുതൽ 15 മില്യൺ ഡോളർ ഓരോ പരമ്പരയിലും മത്സരങ്ങളിൽ ഇതുമൂലം വരുമാനം ഉണ്ടാകാറുമുണ്ട്. ഈ കാര്യങ്ങളിലെല്ലാം ഇരുടീമുകളുടെ ക്രിക്കറ്റ് ബോർഡിനും ഐസിസിക്കുമടക്കം നഷ്‌ടമുണ്ടാകും. എന്നാൽ പാക് ക്രിക്കറ്റ് ബോർഡ് തീരുമാനത്തിൽ ഐസിസിയ്‌ക്ക് കാര്യമായൊന്നും ചെയ്യാനില്ല എന്നാണ് പൂർവകാല ചരിത്രങ്ങളിൽ കാണുന്നത്.
മുൻപ് 1996ൽ ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് അന്ന് ശ്രീലങ്കയിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും കളിക്കാൻ തയ്യാറായില്ല. കൊളംബോ സെൻട്രൽ ബാങ്കിലെ സ്‌ഫോടനം കാരണമായിരുന്നു ഇത്. ഐസിസിയും ശ്രീലങ്കൻ സർക്കാരും പ്രശ്‌നമില്ല എന്ന് വ്യക്തമാക്കിയിട്ടും ഇരുടീമുകളും പിന്മാറി. ഇതോടെ ആ മത്സരങ്ങളുടെ പോയിന്റ് ഐസിസി ശ്രീലങ്കയ്‌ക്ക് നൽകി. അവർ ഫൈനലിലെത്തി കിരീടം നേടി. 2003 ലോകകപ്പിൽ ഇംഗ്ളണ്ട് സിംബാബ്‌വെയിലും ന്യൂസിലാന്റ് കെനിയയിലും കളിക്കാൻ വിസമ്മതിച്ചു. ഈ പോയിന്റുകളും സിംബാബ്‌വെയ്ക്കും കെനിയക്കും ലഭിച്ചു. പാകിസ്ഥാൻ വിസമ്മതിച്ച സ്ഥിതിക്ക് അതേമത്സരത്തിലെ പോയിന്റുകൾ ഇന്ത്യയ്‌ക്ക് ലഭിക്കും. ഇത് ഫലത്തിൽ പരമ്പരയിൽ ഇന്ത്യയ്‌ക്ക് തന്നെ ഗുണം ചെയ്യും.