വളർപക്ഷികളെയും കടിച്ച് കുടഞ്ഞ് തെരുവ് നായ്ക്കൾ
കോട്ടയം : മനുഷ്യരെ മാത്രമല്ല, വളർത്തുപക്ഷിളെയും ആക്രമിച്ച് തെരുവ് നായ്ക്കൾ. ഇതോടെ കർഷകരും പ്രതിസന്ധിയിലായി. താറാവ്, കോഴി തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം കൂടുതൽ. അധിക തീറ്റ വിലയും, പരിപാലന ചെലവും ഉൾപ്പെടെ വലിയ തുക ചെലവഴിച്ചാണ് കർഷകരെ ഇവയെ വളർത്തുന്നത്. ഇതിനിടെ പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തതോടെ കർഷകർക്ക് വൻനഷ്ടമാണ് സംഭവിക്കുന്നത്. നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ജില്ലയിൽ നഗരസഭ പരിധിയിൽ കോടിമതയിൽ മാത്രമാണ് എ.ബി.സി കേന്ദ്രമുള്ളത്. വഴിനടക്കാനോ, ഇരുചക്രവാഹനത്തിൽ യാത്രചെയ്യാനോ നായശല്യം മൂലം യാത്രക്കാർക്ക് സാധിക്കുന്നില്ല. ഇടറോഡുകൾ, ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് നായ്‌ക്കൾ തമ്പടിക്കുന്നത്. അലക്ഷ്യമായ മാലിന്യംതള്ളലാണ് നായ്ക്കൾ പെരുകാൻ കാരണം. മാലിന്യനിർമ്മാജ്ജന പദ്ധതികൾ നടപ്പാക്കുമ്പോഴും വിവിധയിടങ്ങളിൽ വഴിയരികിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
പ്രതീക്ഷകൾക്ക് മേൽ കുരച്ച് ചാടി അയ്മനം പഞ്ചായത്തിലെ 17-ാം വാർഡിൽ ഇടമന ഉതുപ്പു വർഗീസിന്റെ 160 താറാവുകളെയാണ് തെരുവുനായ്ക്കൾ കൊന്നത്. കമ്പി നെറ്റ് വളച്ചുണ്ടാക്കിയ കൂട്ടിൽ സൂക്ഷിച്ചിരുന്നത് 275 താറാവുകളായിരുന്നു. 115 താറാവുകൾക്ക് മാരകമായി പരിക്കേറ്റു. ഉതുപ്പിന്റെയും കുടുംബത്തിന്റെയും ഏകവരുമാന മാർഗമായിരുന്നു താറാവ് വളർത്തൽ. ഭാര്യ അന്നമ്മയും മകൻ ജിജോയും പിന്തുണയുമായുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചെറുകിട കർഷകരാണ് നായശല്യം മൂലം ദുരിതമനുഭവിക്കുന്നത്. തെരുവുനായയുടെ കടിയേറ്റ് ചത്താൽ വളർത്തുപക്ഷികൾക്കും നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. കോഴി ഒന്നിന് 50 രൂപ വീതവും പരമാവധി 50,000 രൂപ വരെയും ലഭിക്കാം.
എന്ത് ചെയ്യും പാവം കർഷകർ ഇക്കഴിഞ്ഞ 9 ന് പൊൻകുന്നം ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ കോഴിഫാമിലെ അറുനൂറോളം കോഴികളെ തെരുവുനായ്ക്കൾ കൊന്നു കഴിഞ്ഞ മാസം പനച്ചിക്കാടും സമാന രീതിയിൽ കോഴികളെ തെരുവ് നായ ആക്രമിച്ചു കാഞ്ഞിരപ്പള്ളിയിൽ 300 ലേറെ കോഴികൾക്കാണ് പക്ഷിപ്പനി ബാധിച്ചത്.
മൃഗങ്ങൾക്കും രക്ഷയില്ല
പശു, ആട്, വളർത്തുനായ, പോത്ത്, തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം
വൈദ്യസഹായം ഉറപ്പാക്കണം. പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം
ചത്താൽ പശു ഒന്നിന് 16,000 രൂപ വരെയും ആടിന് 1650 വരെയും നഷ്ടപരിഹാരം
''രണ്ട് വർഷമായി താറാവ് കൃഷിയുണ്ട്. ആദ്യത്തെ സംഭവമാണിത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണം. അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കണം. ഷെൽട്ടറിലടക്കം പാർപ്പിക്കണം.
-(ഉതുപ്പ്, താറാവ് കർഷകൻ)