ചങ്ങനാശേരിയിലെ അഞ്ചുവിളക്ക് നാശത്തിൽ, കെടുത്തിക്കളഞ്ഞല്ലോ, ഈ നാടിന്റെ വെളിച്ചം
ചങ്ങനാശേരി : ഒരുകാലത്ത് ചങ്ങനാശേരിയുടെ മുഖമുദ്ര ആയിരുന്നു ഈ വിളക്കുകൾ. ആ വെളിച്ചമാണ് അധികൃതർ കെടുത്തിക്കളഞ്ഞത്. ചങ്ങനാശേരി ബോട്ടുജെട്ടിയ്ക്ക് സമീപത്താണ് വിളക്ക് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഇത് തെളിയാറില്ലെന്നു മാത്രമല്ല, കാലപ്പഴക്കം മൂലം ഒടിഞ്ഞ് വീഴാറായ നിലയിലുമാണ്. 2015 ൽ മാർക്കറ്റ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് പഴയ ഇടത്തുനിന്ന് അഞ്ചുവിളക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ആയിടെയുണ്ടായ കാറ്റിൽ പഴയ വിളക്കുകൾ താഴെ വീണ് തകർന്നു പോയി. തുടർന്ന് പഴയ സ്തൂപത്തിൽ തന്നെ നഗരസഭ സ്ഥാപിച്ച പുതിയ വിളക്കുകളാണ് ഇപ്പോഴുള്ളത്. ഇത് വെൽഡ് ചെയ്യുകയോ പുതിയ കാലുകൾ പിടിപ്പിക്കുകയോ ചെയ്താൽ മാത്രമേ വിളക്ക് നേരെയാകൂ.
അന്തരിച്ച മുൻ എം.എൽ.എ സി.എഫ്. തോമസിന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് ഒരുകോടിയോളം രൂപ മുടക്കി അഞ്ചുവിളക്കിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടി ടൈലുകൾ പാകിയിരുന്നു. ഇവയുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കും നഗരസഭ ഉറക്കം നടിച്ചതോടെയാണ് വിളക്കുകൾ നാശോന്മുഖമായത്.
മാലിന്യ നിക്ഷേപ കേന്ദ്രമായി
അഞ്ചുവിളക്കിന് തന്നെ മുൻപ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. പുതിയ അലങ്കാര ദീപങ്ങൾ സ്ഥാപിച്ചപ്പോൾ ഈ കണക്ഷൻ അതിലേക്കു മാറ്റി കൊടുത്തു. അതോടെ അഞ്ചു വിളക്ക് തെളിയാതായി. വെളിച്ചം കെട്ടതോടെ വിളക്കിന്റെ ചുവട്ടിൽ സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയിരുന്നു. ചുറ്റും കാട് പിടിച്ച നിലയിലുമായിരുന്നു.
വിളക്ക് സ്ഥാപിച്ചത് വേലുത്തമ്പി ദളവ
ചങ്ങനാശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി 1905ൽ ബോട്ടുജെട്ടിയ്ക്കടുത്തായി അഞ്ചുവിളക്ക് സ്ഥാപിച്ചത് തിരുവിതാംകൂറിന്റെ ദിവാനായിരുന്ന വേലുത്തമ്പി ദളവയാണ്. ചങ്ങനാശേരി ചന്തയിലെ വ്യാപാര കേന്ദ്ര സമുച്ചയമാണ് പണ്ടകശ്ശാല. വേലുത്തമ്പി ദളവയാൽ സ്ഥാപിക്കപ്പെട്ടതാണെന്നും ചന്തയിൽ ആദ്യവ്യാപാരം ചെയ്തത് ഗജശ്രേഷ്ഠനെയാണെന്നും അഞ്ചുവിളക്ക് സ്ഥാപിച്ചിരിക്കുന്ന ശിലയിൽ ആലേഖനം ചെയ്തിട്ടുണ്ട് .1804ൽ ദിവാൻ ചന്ത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
''അഞ്ച് വിളക്ക് സംരക്ഷിക്കണം. പുതിയ നഗരസഭ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
-(ചങ്ങനാശേരി നിവാസികൾ)
''ചങ്ങാനാശേരിയുടെ പൈതൃക സ്വത്തായ അഞ്ചുവിളക്കിന് ചുറ്റുമുള്ള അലങ്കാര വിളക്കുകളുടെ അറ്റകുറ്റപ്പണിയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിക്കുകയും ഇവയുടെ സംരക്ഷണത്തിനായി സ്ഥിരം സംവിധാനം ഒരുക്കുകയും വേണം.
സനീഷ്, ചങ്ങനാശേരി