'പൂവള്ളി ഇന്ദുചൂഡൻ ഈസ് ബാക്ക്'; സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ പുതിയ ചിത്രം

Monday 02 February 2026 9:57 PM IST

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താടി പൂർണമായി എടുത്ത് കട്ടി മീശ വച്ച് മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹൻലാൽ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂപ്പർതാരം പങ്കുവച്ചു. മീശ പിരിച്ച് കൈയിൽ പൊലീസ് ഷൂസുമായി നിൽക്കുന്ന ലാലിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരുന്നത്.

ഇപ്പോഴിതാ മീശപിരിച്ച മോഹൻലാലിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആരാധകർ ഫോട്ടോ ഏറ്റെടുത്തു. പുതിയ കോവിലകം വാങ്ങിക്കാൻ വന്ന ആളാണോ,​ ഇതേതാ ഈ ഏഴാം തമ്പുരാൻ,​ എന്നൊക്കെയാണ് ആരാധകർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. പൂവള്ളി ഇന്ദുചൂഡൻ ഈസ് ബാക്ക് എന്നും ,​ രാജാവിന്റെ മകൻ എന്നും കമന്റുകളുണ്ട്.

അതേസമയം തരുൺ മൂർത്തി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം -ജേക്സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്സ് സേവിയർ.