കോൺഗ്രസിൽ ആറിടത്ത് ഏകദേശ ധാരണ : കളം കാക്കാൻ സനീഷ്, പ്രതാപൻ ?

Tuesday 03 February 2026 12:15 AM IST

തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ ഏകദേശ ധാരണ. 13 മണ്ഡലങ്ങളിൽ 11 ഇടത്താണ് കോൺഗ്രസ് മത്സരിക്കുക. മണലൂർ, ചേലക്കര, തൃശൂർ, ചാലക്കുടി, ഒല്ലൂർ, കൊടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങളിലാണ് ധാരണയായതെന്ന് അറിയുന്നു.

ചാലക്കുടിയിൽ നിലവിലെ എം.എൽ.എ സനീഷ് കുമാർ തന്നെ മത്സരിച്ചേക്കും. കഴിഞ്ഞപ്രാവശ്യം കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഏകയാളാണ് സനീഷ്.

മണലൂരിൽ ഐ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപന്റെ പേരിനാണ് മുൻതൂക്കം. ഗുരുവായൂർ സീറ്റിൽ ലീഗുമായി വെച്ചുമാറ്റമുണ്ടായാൽ പ്രതാപൻ അവിടേക്ക് മാറിയേക്കും. ഒല്ലൂരിൽ ടോൾപ്ലാസ വിഷയത്തിലടക്കം ശ്രദ്ധേയമായ ഇടപെടൽ നടത്തിയ അഡ്വ.ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻതൂക്കം. ഇവിടെ എൽ.ഡി.എഫിൽ നിന്ന് മന്ത്രി കെ.രാജൻ തന്നെ മത്സരിച്ചേക്കും. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ.ജനീഷ്, സോണിയ ഗിരി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ചേലക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസനാണ് സാദ്ധ്യത. തൃശൂരിൽ സാമുദായിക പരിഗണന കണക്കിലെടുത്ത് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ സ്ഥാനാർത്ഥിയായേക്കും. മുൻ മേയർ രാജൻ പല്ലന്റെ പേരും സജീവമായുണ്ട്. ചിലപ്പോൾ സർപ്രൈസ് സ്ഥാനാർത്ഥിയേയും അവതരിപ്പിച്ചേക്കും. കുന്നംകുളത്ത് യുവനേതാവ് സോയ ജോസഫിന്റെ പേരിനാണ് മുൻതൂക്കം.

ശ്രദ്ധാകേന്ദ്രം തൃശൂർ

ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലം ഇപ്രാവശ്യവും ആവേശം കൊള്ളിക്കും. ആയിരത്തിൽ താഴെ വോട്ടിനാണ് അന്ന് സി.പി.ഐയിലെ പി.ബാലചന്ദ്രൻ വിജയിച്ചത്. അന്ന് രണ്ടാമതെത്തിയ യു.ഡി.എഫിലെ പത്മജ വേണുഗോപാൽ ഇപ്പോൾ ബി.ജെ.പി പാളയത്തിലാണ്. പത്മജ ബി.ജെ.പി ടിക്കറ്റിൽ ഇറങ്ങുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കെ.കെ.അനീഷ് കുമാറിന്റെ പേരും ചർച്ചയിലുണ്ട്. എന്നാൽ പി.ബാലചന്ദ്രൻ മത്സരിച്ചേക്കില്ലെന്ന സൂചനയുണ്ട്. സീറ്റ് സി.പി.എം ഏറ്റെടുക്കാനുള്ള ചർച്ചയും നടക്കുന്നതായാണ് വിവരം. അങ്ങനെവന്നാൽ പ്രൊഫ.സി.രവീന്ദ്രനാഥ്, മന്ത്രി ഡോ.ആർ.ബിന്ദു എന്നിവരിൽ ഒരാൾ വന്നേക്കും. അന്ന് മൂന്നാമതെത്തിയ സുരേഷ് ഗോപി ലോക്‌സഭയിൽ വിജയിച്ച് കേന്ദ്രമന്ത്രിയായി.

ആദ്യം പ്രഖ്യാപിക്കുക 6

മണലൂർ, ചേലക്കര, തൃശൂർ, ചാലക്കുടി, ഒല്ലൂർ, കൊടുങ്ങല്ലൂർ

സാദ്ധ്യതാ ലിസ്റ്റിൽ ഇവർ

സനീഷ്, പ്രതാപൻ, ചന്ദ്രമോഹൻ, സോണിയഗിരി, ജെനീഷ്, സോയ ജോസഫ്, ഷാജി കോടങ്കണ്ടത്ത്, രാജൻ പല്ലൻ, കെ.വി.ദാസൻ