കർമ്മനിരതയ്ക്കുള്ള അംഗീകാരമായി ഡി.ഡി.ഇയ്ക്ക് കേരളകൗമുദി ചിത്രം
തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ഉപഹാരമായി നൽകിയത് കേരളകൗമുദി ചിത്രം. തൃശൂരിൽ നടന്ന 64ാം സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന് നേതൃപരമായ പങ്ക് വഹിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ ഔദ്യോഗിക കൃത്യനിർവഹണത്തിനായി മതിൽ ചാടിക്കടക്കുന്ന ചിത്രം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഊട്ടുപുരയുടെ ഗേറ്റ് പൂട്ടിയതിനാൽ അവിടെയെത്താൻ മതിൽ ചാടുന്ന ഡി.ഡി.ഇയുടെ ചിത്രം ജനുവരി 17നാണ് പ്രസിദ്ധീകരിച്ചത്. കർമ്മനിരതയ്ക്കുള്ള ഉത്തമ അംഗീകാരമായാണ് ചിത്രം നൽകുന്നതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂൾ രക്ഷാധികാരിയും കൽദായ സുറിയാനി സഭാ ബിഷപ്പുമായ മാർ ഔഗിൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സിനിമാ താരവുമായ റബേക്കാ സന്തോഷ് സമ്മാനവിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.അബി പോൾ, ഹെഡ്മിസ്ട്രസ് ബിനു, കോർപറേറ്റ് മാനേജർ സി.ഡോ.ഒ.യു.ജിൻസി, കെ.ബി.ഷാജൻ, അബി പൊന്മാണിശ്ശേരി, ബൈജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.