കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 2000 വാഹനങ്ങൾ നിർത്തിടാൻ സൗകര്യം ഒന്നല്ല, ഒരുങ്ങുന്നത് രണ്ട് മൾട്ടി ലെവൽ പാർക്കിംഗ് സെന്റർ
കണ്ണൂർ: വാഹന പാർക്കിംഗിന് പരിഹാരവുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ വാഹന പാർക്കിംഗ് കേന്ദ്രം ഒരുങ്ങുന്നു. രണ്ട് മൾട്ടി ലെവൽ വാഹന പാർക്കിംഗ് കേന്ദ്രമടക്കം 2000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിനരികിലാണ് 6000 ചതുരശ്ര മീറ്റർ സ്ഥലത്തെ വാഹനപാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
ആയിരം ബൈക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം റെയിൽവേ സ്റ്റേഷനും പ്രസ് ക്ലബ്ബിനും ഇടയിലുള്ള സ്ഥലത്തുണ്ടാകും. 2.8 കോടി രൂപയ്ക്കാണു ഗ്രാഫോൺ ഏജൻസി മൂന്നു വർഷത്തേക്ക് കിഴക്കേ കവാടത്തിലെ പാർക്കിംഗ് കരാറെടുത്തിരിക്കുന്നത്. പാർക്കിംഗ് കേന്ദ്രത്തിനു മുഴുവൻ മേൽക്കൂര നിർമ്മിച്ച് സി സി.ടി.വി, ഫയർ എക്സ്റ്റൻഷൻ എന്നിവ സ്ഥാപിക്കും. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് എല്ലാ ഭാഗത്തുമെത്താൻ പറ്റുന്ന വിധമാണു പാർക്കിംഗ് ക്രമീകരിക്കുക.പാർക്കിംഗുമായി ബന്ധപ്പെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തർക്കമുണ്ടാകുന്നത് പതിവാണ് . ഒരു ദിവസത്തെ കാർ പാർക്കിംഗ് ചാർജ് 120 രൂപയാണ്.എന്നാൽ തിരിച്ചെത്തുമ്പോഴേക്കും കാർ നിറയെ പൊടിയായിരിക്കുമെന്നും പിന്നെ സർവീസ് ചെയ്യാൻ 500 രൂപ കൊടുക്കണമെന്നുമാണ് യാത്രക്കാരുടെ പരാതി
നിലവിൽ രണ്ടിടത്ത് രണ്ട് ചാർജ്
പടിഞ്ഞാറെ കവാടത്തിലും കിഴക്കേ കവാടത്തിലും രണ്ട് ഏജൻസികളാണ് കരാറെടുത്തിരിക്കുന്നത്. അതിനാൽ രണ്ടിടത്തും രണ്ട് ചാർജാണ് ഈടാക്കുന്നത്. പടിഞ്ഞാറ് കവാടത്തിൽ ഇരു ചക്ര വാഹനങ്ങൾക്ക് ഒരു ദിവസം 25 രൂപയും നാലു ചക്ര വാഹനങ്ങൾക്ക് 120 രൂപയുമാണ് ഈടാക്കുമ്പോൾ കിഴക്കെ കവാടത്തിൽ യഥാക്രമം മുപ്പത്, നൂറു രൂപ വീതമാണ് ഈടാക്കുന്നത് .
പാർക്കിംഗ് സംവിധാനമില്ലാത്തത് കണ്ണൂരിൽ മാത്രം
ജില്ലയിലെ തലശേരി, പയ്യന്നൂർ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങൾ ആധുനിക രീതിയിൽ നവീകരിച്ചപ്പോൾ കണ്ണൂരിൽ നിലവിൽ കൃത്യമായ പാർക്കിംഗ് സംവിധാനം ഇല്ല. സ്റ്റേഷനു ഇരുഭാഗത്തുമുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥലപരിമിതിയാൽ വീർപ്പ് മുട്ടുകയാണ്. കിഴക്കുഭാഗത്തെ ഓഫിസിനു സമീപത്തെ പാർക്കിംഗ് കേന്ദ്രത്തിൽ അത്യാഹിതമുണ്ടായാൽ നിയന്ത്രിക്കാനാവില്ല. അനുവദിച്ചതിലും ഇരട്ടിയാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.കിഴക്കെ കവാടത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും മതിയായ പാർക്കിംഗ് സംവിധാനമില്ലാത്തതിനാൽ തോന്നും പടിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.