'ഗുരുവായൂർ പുഷ്‌പോത്സവത്തിന് സർക്കാർ ധനസഹായം വേണം'
Tuesday 03 February 2026 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള പുഷ്‌പോത്സവത്തിന് ധനസഹായം അനുവദിക്കാനായി സർക്കാരിന് കത്ത് നൽകണമെന്ന് വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി നഗരസഭ കൗൺസിലിലേക്ക് ശുപാർശ ചെയ്തു. 2011ൽ ടി.ടി. ശിവദാസൻ ചെയർമാനായിരിക്കെ ആരംഭിച്ച പുഷ്‌പോത്സവം കഴിഞ്ഞ വർഷം മുടങ്ങിയിരുന്നു. അതിന് മുമ്പ് കൊവിഡ് നിയന്ത്രണകാലത്ത് മാത്രമാണ് പുഷ്‌പോത്സവം നടക്കാതെ പോയിരുന്നത്. കഴിഞ്ഞ വർഷം പുഷ്‌പോത്സവം അവധിക്കാലത്ത് നടത്താൻ തീരുമാനമെടുത്തെങ്കിലും ടെൻഡർ ക്ഷണിച്ചതിനോട് ആരും പ്രതികരിച്ചില്ല. സർക്കാരിന്റെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നതിന് നടപടി വേണമെന്നാണ് ജനുവരി22ന് ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. വിഷയം ഇന്ന് ചേരുന്ന നഗരസഭാ കൗൺസിൽ ചർച്ച ചെയ്യും.