2018ലെ സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല കിടപ്പാടമില്ലാതെ 158 ആദിവാസി കുടുംബങ്ങൾ

Monday 02 February 2026 11:35 PM IST
പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കിയ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചശേഷം ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതി ഭാരവാഹികൾ കളക്ട്രേറ്റിന് മുന്നിൽ

 വീണ്ടും പെരിഞ്ചാംകുട്ടിയിൽ സമരത്തിന് ഒരുങ്ങുന്നു

ചെറുതോണി: പെരിഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ കൃഷിഭൂമി വീതം നൽകുമെന്ന സർക്കാർ ഉത്തരവ് എട്ട് വർഷമായിട്ടും നടപ്പായില്ല.

മന്ത്രിയായിരുന്ന എം.എം. മണിയും സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമനും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് 2018 മാർച്ച് എട്ടിന് ഇറക്കിയ ഉത്തരവാണ് ഇനിയും നടപ്പിലാക്കാത്തത്. 158 കുടുംബങ്ങളുടെ വെരിഫിക്കേഷൻ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. വനം വകുപ്പിന്റെ തടസവാദങ്ങളും കൊവിഡുമാണ് ഭൂമി കൊടുക്കാത്തതിന് കാരണമായി പറയുന്ന മുടന്തൻ ന്യായങ്ങൾ. ഇതോടെ ബഹുജനങ്ങളുടെയും കർഷക സംഘടനകളുടെയും പിന്തുണയോടെ നീണ്ടുനിൽക്കുന്ന സമരത്തിന് തയ്യാറെടുക്കുകയാണ് ആദിവാസികൾ. പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്ത സമരസമിതിയുടെ ഭാരവാഹികൾ ചേർന്ന് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. നാളെ രാവിലെ 11ന് ചെറുതോണിയിൽ മന്ത്രി റോഷി അഗസ്റ്റ്യന്റെ ഓഫീസിന് മുന്നിൽ സൂചനാ സമരവും നിവേദന സമർപ്പണവും നടത്തും. ചെങ്ങറ ഭൂസമര സഹായ സമിതി കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യും.

സമരം തുടങ്ങിയത് 2008ൽ

 2008ൽ ഭൂമിക്കായി ആദിവാസികൾ ദേവികുളം ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു

 ഒരു മാസത്തിനകം ഭൂമി നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. അതുവരെ വാത്തിക്കുടി ട്രൈബൽ ഹോസ്റ്റലിൽ താമസിക്കാനും അനുവാദം  2008 സെപ്തംബർ 13ന് താമസം തുടങ്ങി. പക്ഷേ, സർക്കാർ വാക്കുപാലിച്ചില്ല.

 ഒക്ടോബർ 14 മുതൽ 17 ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം

 വീണ്ടും സർക്കാറിന്റെ ഉറപ്പിൽ സമരം നിറുത്തി

 2009 ജനുവരി 16 വരെ കാത്തിരുന്നിട്ടും ഭൂമി കിട്ടാതായതോടെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷൻ കൈയേറി ആദിവാസികൾ താമസമാരംഭിച്ചു

 2010 ഫെബ്രുവരി 12ന് 161 കുടുംബങ്ങളെ യു.ഡി.എഫ് സർക്കാർ കുടിയൊഴിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച് കുടിലുകളും കൃഷിയും നശിപ്പിച്ച് ജയിലിലടച്ചു

 ഒക്ടോബർ ഒന്ന് മുതൽ കളക്ടറേറ്റിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങി

 2017 ഫെബ്രുവരി 25ന് എൽ.ഡി.എഫ് സർക്കാർ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിനൽകുമെന്ന് പ്രഖ്യാപിച്ചു

 സമരം അവസാനിപ്പിച്ചു. ഇതുവരെ പരിഹാരമായില്ല.