അമ്പിളി കൊലക്കേസ് : വഴിവിട്ട ജീവിതം ചോദ്യംചെയ്ത ഭാര്യയുടെ ജീവനെടുത്തു
ആലപ്പുഴ : രണ്ടുമാസം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നാടിനെ നടുക്കിയ പള്ളിപ്പുറം അമ്പിളി കൊലക്കേസിൽ കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. 2024 മെയ് 18ന് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്റായിരുന്ന പള്ളിപ്പുറം 16ാം വാർഡിൽ വലിയവെളി വീട്ടിൽ സി.പി ബാബുവിന്റെ മകൾ അമ്പിളിയെ(43) നടിറോഡിൽ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പളളിപ്പുറം പഞ്ചായത്ത് 16ാം വാർഡിൽ പുത്തൻ കോനാട്ട് വീട്ടിൽ രാജേഷിനെ (47) ഇന്നലെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തത്തിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കായിരുന്ന രാജേഷിന്റെ പരസ്ത്രീ ബന്ധത്തെയും സാമ്പത്തിക അച്ചടക്കമില്ലായ്മയെയും ചൊല്ലിയുണ്ടായ കുടുംബപ്രശ്നങ്ങളാണ് അമ്പിളിയുടെ കൊലപാതകത്തിൽ കലാശിച്ചത്.
വ്യത്യസ്ത സമുദായക്കാരായ അമ്പിളിയും രാജേഷും പ്രണയ വിവാഹിതരായിരുന്നു . കലഹവും അക്രമവും പതിവായതോടെ അമ്പിളി മകളുമായി തന്റെ കുടുംബവീട്ടിലേക്ക് താമസം മാറ്റിയതോടെ അമ്പിളിയെ കൊലപ്പെടുത്താൻ രാജേഷ് പദ്ധതിയിട്ടു. ഓഫീസിൽ നിന്നും ഒരാഴ്ച അവധിയെടുത്ത് ഇവരെ പിന്തുടർന്നാണ് രാജേഷ് കൊലപാതകം നടത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് രാജേഷ് വീട്ടുകാര്യങ്ങൾ അന്വേഷിക്കാതെ വന്നതോടെ അമ്പിളി ബാങ്കിൽ കളക്ഷൻ ഏജന്റായി. പളളിപ്പുറം വില്ലേജ് ഓഫീസ് ജംഗ്ഷനിൽ കച്ചവടംനടത്തുന്ന കുമാരിയുടെ കടയിൽ നിന്നും ബാങ്ക് വായ്പയുടെ കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോകും വഴിയാണ് കടയുടെ അമ്പത് മീറ്റർ അകലത്തിൽ വച്ച് ബൈക്കിൽ പിന്തുടർന്നെത്തിയ രാജേഷ് സ്കൂട്ടർ ചവിട്ടി വീഴ്ത്തി റോഡിലിട്ട് അമ്പിളിയെ തുരുതുരാ കുത്തി കൊലപ്പെടുത്തിയത്.
കത്തികുത്തിയിറക്കിയത് നെഞ്ചിലേക്ക്
അമ്പിളിയുടെ നെഞ്ചിലേക്കാണ് രാജേഷ് ആദ്യം കത്തി കുത്തിയിറക്കിയത്. ആദ്യത്തെ കുത്തിൽ മരണം സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തിയ പ്രതി, തുടർന്ന് 19 തവണയോളം നെഞ്ചിലും വയറ്റിലും മുഖത്തുമായി തുരുതുരെ കുത്തി മരണം ഉറപ്പാക്കി. മുതുകിലും കഴുത്തിലുമായാണ് അമ്പിളിക്ക് മൂന്ന് തവണ കുത്തേറ്റത്. വലതുതോളിലെ കുത്തിൽ കത്തി അസ്ഥി തുളച്ച് മറുഭാഗത്തെത്തിയിരുന്നു. നെഞ്ചിലുൾപ്പെടെ ആഴത്തിലേറ്റ കുത്തുകൾ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കിനും ആന്തരിക രക്തസ്രാവത്തിനും ഇടയാക്കിയിരുന്നു. അമ്പിളിയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് ഫലങ്ങളും പൊലീസ് സർജന്റേയും ഡോക്ടർമാരുടെയും മൊഴികളും കേസിൽ നിർണായകമായി.
സംഭവ സമയം ചേർത്തല സി.ഐയും ഇപ്പോൾ കല്ലമ്പലം സി.ഐയുയായ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.19 സാക്ഷികളും 50രേഖകളും 16 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിച്ചു. അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. സി.പി.ഒ മാത്യുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.