നെയ്യാറ്റിൻകരയിൽ നെൽകൃഷി ഉപേക്ഷിച്ച് കർഷകർ
നെയ്യാറ്റിൻകര: താലൂക്കിലെ നെൽകർഷകർ നെൽകൃഷി ഉപേക്ഷിച്ചതോടെ ഹെക്ടർ കണക്കിന് ഏലാകൾ തരിശായി മാറുന്നു. നെൽകൃഷിയോടൊപ്പം കരകൃഷിയായും നെയ്യാറ്റിൻകരയിൽ നെല്ല് വിളയിച്ചിരുന്നു. സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന പിരായുംമൂട്,നിലമേൽ,കണ്ണാംകുഴി,മഞ്ചവിളാകം ഏലാകളിലൊന്നിലും നെൽകൃഷി ലാഭകരമല്ല. ഇടവിള കൃഷിയായി ചെയ്തിരുന്ന പയറും ചീരയും മറ്റുമാണ് ഇപ്പോൾ ചെയ്യുന്നത്. പാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തിരുന്നുവർ വാഴയും മരിച്ചീനിയും കോവലുമൊക്കെയാണ് പകരകൃഷിയായി ചെയ്യുന്നത്.
ഗുണമേന്മയുള്ള വിത്തില്ല
പൊന്നാര്യൻ,അയ്യാറെട്ട്,ജയ തുടങ്ങിയ നാടൻ നെൽവിത്തുകളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.ഇവ പൊതുവിൽ ലാഭകരമല്ല. അരിക്കും മറ്റ് അനുബന്ധ ഉത്പന്നങ്ങളും നിർമ്മിക്കുവാനാണിത് ഉപയോഗിക്കുന്നത്. കൂടുതൽ വിപണന സാദ്ധ്യതയുള്ള നെൽവിത്ത് കേരളത്തിൽ ലഭ്യമാണെങ്കിലും സംസ്ഥാനത്തെ കൃഷിഭവൻ വിതരണം ചെയ്യുന്നില്ല.
കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ഔഷധഗുണമുള്ളതുമായ നിരവധി നെൽവിത്തുകൾ നിലവിലുണ്ട്. കുന്നുകുളമ്പൻ,തവളക്കണ്ണൻ,കൊടുകണ്ണി,ചെന്നെല്ല്,പൊക്കാളി,ജീരകശാല തുടങ്ങിയ നിരവധി വിത്തിനങ്ങളുണ്ട്. ഇവ വിപണിയിൽ സാധാരണ അരിയേക്കാളും ഉയർന്ന വില കിട്ടും. സാധാരണ അരിക്ക് കിലോക്ക് 30രൂപ മുതൽ 65രൂപവരെ വിലയുള്ളപ്പോൾ പൊക്കോളി അരിക്ക് കിലോക്ക് 130മുതൽ 180രൂപ വരെയാണ് വില. ഇവ കൃഷി ചെയ്യുന്ന കർഷകർക്ക് അതിനുള്ള വില ലഭിക്കുകയും ചെയ്യും.
ജലദൗർലഭ്യം
കാർഷിക ആവശ്യത്തിനുള്ള ജലലഭ്യതക്കായി പണിത നെയ്യാർ ഇറിഗേഷൻ കനാലുകളിലൂടെ ജലസേചനമില്ലാത്തത് കർഷകർക്ക് വിനയായി. കാലം തെറ്റിയുള്ള മഴയും വെള്ളപ്പൊക്കവും കാരണം നശിക്കുന്ന കൃഷിക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായുള്ള ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തതും തിരിച്ചടിയാണ്. നെൽകൃഷിക്ക് പരിഞ്ജാനമുള്ള കർഷകത്തൊഴിലാളികളുടെ അഭാവവും ഉയർന്ന കൂലിയും തകർച്ചക്ക് കാരണമാണ്.
പ്രോത്സാഹനമില്ല
ഉയർന്ന ഗുണമേന്മയുള്ള ഔഷധനെൽകൃഷി പോലെ ഹൈബ്രിഡ് വിത്തിനങ്ങളും ലഭിക്കുന്നുണ്ട്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം പുറത്തിറക്കിയ വിത്തിനങ്ങളായ പ്രത്യാശ(എം.ഒ-8), കീടബാധയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇൻഡിക്ക തുടങ്ങിയ നെല്ല് വിത്തിനങ്ങൾ സർക്കാർ തലത്തിൽ സംഭരിച്ച് കൃഷി ഭവനുകൾ വിതരണം ചെയ്താൽ നെൽകൃഷി കൂടുതൽ ലാഭകരമാക്കാൻ സാധിക്കും.
സ്ഥിരമായ ഗവേഷണ ക്ളാസുകളും പോഷകമൂല്യമുളളതും പ്രതിരോധ ശേഷിയുള്ളതുമായ സങ്കരയിനം വിത്തുകൾ വിതരണം ചെയ്ത് നെൽകൃഷി ലാഭകരമാക്കാനുള്ള നടപടിവേണമെന്നാണ് കർഷകരുടെ ആവശ്യം.