സംസ്കാരത്തിന്റെ വിചാരവേദിയിൽ 

Tuesday 03 February 2026 12:16 AM IST

എഴുത്തുകാരൻ വീട്ടുവരാന്തയിലെ തീരെ ചെറുതല്ലാത്ത ഒരു ചാരു കസേരയിൽ പുതിയ രചനയുടെ ശില്പശാലയിലാണ്. ചാരുകസേരയുടെ നീളമേറിയ കൈപ്പിടിയിൽ എഴുത്തുപലക ചേർത്തുവച്ച് എഴുത്തു തുടരവേ,​ തൊട്ടപ്പുറത്തുള്ള തൊടിയിലേക്ക് അറിയാതൊന്നു നോക്കിപ്പോയി. മുട്ടിലിഴഞ്ഞ് കളിപ്പാട്ടങ്ങളുമായി സല്ലപിക്കുന്ന കൊച്ചുമകൻ ഉണ്ണിക്കുട്ടൻ. വിശാലമായ തിരുമുറ്റത്തിന് അതിരിട്ട് പൂത്തു വിടർന്ന ഗ്രാമൈശ്വര്യങ്ങളായ തുമ്പ ചാർത്തുകൾ.

ഉണ്ണിക്കുട്ടൻ മെല്ലെ മുട്ടിലിഴഞ്ഞ് ഒരു തുളസിച്ചെടിയുടെ ചാരത്തണയുന്നു. പൂത്തുമ്പിയുടെ അരുമകളായ തുമ്പക്കുടങ്ങളിൽ തേനുണ്ട് മതിമറന്ന ഒരു പൂത്തുമ്പി. ഉണ്ണിക്കുട്ടൻ പതിയെ അതിന്റെ പൂഞ്ചിറകിൽ പിടിത്തമിട്ടു. എഴുത്തുകാരനിലെ സൂക്ഷ്മദൃക്ക് അതെല്ലാം നല്ല തൂലികയിലാവാഹിച്ചു. തുമ്പിയുടെ ചിറക് നുള്ളി, കണ്ണ് കുത്തിപ്പൊട്ടിച്ചു. കുഞ്ഞിപ്പല്ലുകാട്ടി തുമ്പച്ചിരിയുമായി നമ്മുടെ ഉണ്ണിക്കുട്ടൻ !

പ്രിയരേ, ഇതൊരു കടങ്കഥയല്ല പൊള്ളുന്ന പരമാർത്ഥമാണ്. മനുഷ്യൻ പിറന്നു വീഴുന്നതുതന്നെ ഉള്ളിൽ ഇത്തിരി വികൃതിയുമായിട്ടാണ്. സുകൃതിയാകേണ്ട പുണ്യമാർന്ന ജന്മമാണവന്റേത് . നിർഭാഗ്യമെന്നു പറയട്ടെ , ഈ വന്യതകൂടി അവനിൽ പടച്ച തമ്പുരാൻ എഴുതിവച്ചിരിക്കുന്നു. ദൈവികതയും മൃഗീയതയും ഇടകലർന്ന ഒരു മനസ്സാണ് മനുഷ്യന് പിറവിയിലേ ഉള്ളത്. ഉള്ളിലുള്ളത് കണ്ടെത്തണമെങ്കിൽ ദ്വന്ദങ്ങളിലെ മൃഗീയതയെ - പൈശാചികതയെ ഇല്ലാതാക്കേണ്ടതുണ്ട്. അതിനും മനുഷ്യൻ തന്നെ വഴിയൊരുക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ മുത്തശ്ശിക്കഥകൾ പറഞ്ഞും കീർത്തനങ്ങൾ പാടിയും മുതിർന്നവർ ശിശുമനസ്സിൽ വിരിഞ്ഞുവരുന്ന പൈശാചികതയുടെ മുകുളങ്ങളെ ഇറുത്തെടുക്കുവാൻ പണിപ്പെടാറുണ്ട്.

അങ്ങനെ മൃഗീയതയെ ദൈവികതയിലൂടെ കീഴടക്കിയെങ്കിലേ ഉള്ളകങ്ങളിൽ അലിവുണരൂ. അവിടെ മാത്രമേ അറിവിന്നുറവുകൾ ഉയിരെടുക്കൂ. പ്രസിദ്ധമായ ബൈബിളിലെ ജ്യേഷ് ഠാനുജന്മാരുടെ കഥ പോലെ- കായേനും ആബേലും. ജ്യേഷ്ഠൻ അനുജനെ കൊന്നു. ഒന്നിനോടൊന്നു ചേരുന്നില്ല. രണ്ടാവാനുള്ള ഒടുങ്ങാത്ത മോഹം. ഈ കാതരമായ രണ്ടിന്റെ ഇണ്ടകലത്ത് ഈ വിണ്ടലമാകെ സ്വർഗീയമാകണമെങ്കിൽ 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല!"പിന്നെയോ; പണ്ടേക്കണക്ക് വരണം. എങ്ങനെയെന്നല്ലേ?​ഒന്നായിരിക്കുന്ന ഒന്നിന്റെ വലിയൊരൊന്ന്. ബഷീറിന്റെ ഭാഷയിലെ ഇമ്മിണിവലിയൊരൊന്ന്. അതേ ഒരുമപ്പെരുമ.

പിറവിയിൽ തന്നെയുള്ള മനുഷ്യമനസ്സിലെ മൃഗീയതയെ വിവേകഭാസുരമായ ദൈവികതയാൽ മാറ്റിയെടുക്കുന്ന, സംസ്കരിക്കുന്ന അതിദിവ്യമായൊരു പ്രക്രിയയാണ് മനുഷ്യജീവിതം ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ ആരാധനാലയങ്ങൾ അതിനുള്ള ജാലകങ്ങൾ തുറന്നു തരുന്നുണ്ട്. ദൈവികതയും മൃഗീയതയും തമ്മിലുള്ള നിലയ്ക്കാത്ത പോരാട്ടത്തിൽ ദൈവികതയുടെ മഹാവിജയമാണ് സംസ്കാരത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. അതൊരു മാറ്റമാണ് .

ഏറ്റവും സമ്പന്നമായ മനസ്സുകൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്ന മനസ്സുകളാണ്. മലയാളഭാഷയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത അമൂല്യമായ പദശയ്യകളൊരുക്കിയ പതിതകാരുണികനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നല്ലൊരു ശ്രോതാവായിരുന്നു. ഗുരുവിന്റെ ദിനചര്യകളുടെ പ്രധാന ഭാഗമായിരുന്നു അത്. ഗുരുദേവ സാഹിത്യത്തിലേക്ക് പ്രവേശിക്കുവാനുള്ള സ്വർണത്താക്കോലാണ് ഗുരുരചനകളിലെ അപരപ്രിയത്വം. അത് മറ്റുള്ളവരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഗുരുവിന്റെ നേർക്കാഴ്ചയുടെ പ്രതിഫലനം തന്നെ.

ആംഗലേയ സാഹിത്യത്തിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന രണ്ടു മഹാത്മാക്കളെ കുറിച്ച് പറഞ്ഞാൽ വായനക്കാർക്ക് അത് മനസ്സിലാകും- ബർണാഡ്ഷായും ഓസ്കാർ വൈല്‍ഡും. ബർണാഡ് ഷാ അറുപതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഇവർ രണ്ടുപേരും തമ്മിൽ വളരെ സാദൃശ്യങ്ങൾ ഉണ്ട്. രണ്ടുപേരും ഭംഗിയായി എഴുതും. ഇംഗ്ലീഷ് ഗദ്യശൈലിയുടെ നായകന്മാർ എന്ന് പറയത്തക്ക തരത്തിൽ അതിമനോഹരമായി രചനകൾ അവതരിപ്പിക്കും. ഒരാൾ കവി കൂടിയായിരുന്നു- ഓസ്കാർ വൈല്‍ഡ് . ഇവർ രണ്ടുപേരും നല്ല സംഭാഷണ ചതുരന്മാരായിരുന്നു. ഇംഗ്ലണ്ടിൽ ഇവർ തമ്മിൽ വർത്തമാനം പറയുന്നതു കേൾക്കാൻ ആളുകൾ ടിക്കറ്റെടുത്ത് തീയറ്ററിൽ കയറുമായിരുന്നു.

ഇവർ തമ്മിലുള്ള വ്യത്യാസം,​ നമ്മുടെ വർത്തമാനം കേൾക്കുക എന്നതാണ്. ഓസ്കാർ വൈല്‍ഡ് നമ്മളെ വർത്തമാനം പറയാൻ സമ്മതിക്കില്ല. ഇങ്ങോട്ട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട്,​കുറേക്കാലം കഴിഞ്ഞപ്പോൾ ബർണാഡ് ഷായുടെ മനസ്സ് ഏറെ സമ്പന്നമായി തീർന്നു. മറ്റുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കാതെ, നമ്മൾ മാത്രം വർത്തമാനം കൂടുതൽ പറഞ്ഞാൽ നമുക്ക് വലുതായൊന്നും കിട്ടുന്നില്ല. മറിച്ച് ശ്രദ്ധാപൂർവ്വം കേൾക്കുന്ന നല്ലൊരു കേൾവിക്കാരന് നവീനമായ ആശയങ്ങൾ കിട്ടുന്നു. അങ്ങനെ സാംസ്കാരികമായ നല്ലൊരു ഉണർവുണ്ടാകുന്നു. മണ്ണൊരുങ്ങുന്നു. വിത്തിടുന്നു. കതിരിടുന്നു. പിന്നെ കൊയ്ത്താണ്.

ആത്മകഥകൾ പലരും എഴുതിയിട്ടുണ്ട്. എന്നാൽ സി. കേശവന്റെ ആത്മകഥയുടെ പേര് ജീവിതസമരം എന്നാണ്. എല്ലാ ജീവിതവും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു സമരമാണ്. ഒരു വർഗത്തിന്റെ ചരിത്രത്തെ മുഴുവൻ മൂന്നു തുറകളിലുള്ള സമരമുഖങ്ങളായി ഒരു പടിഞ്ഞാറൻ ചിന്തകൻ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം,​ പ്രകൃതിയുമായുള്ള സമരം. വേനലിൽ പങ്കയുടെ കാറ്റേൽക്കുന്നു. തണുപ്പുകാലത്ത് കമ്പിളിക്കുള്ളിൽ അഭയം തേടുന്നു. ഇത് ജീവിതസമരത്തിന്റെ ഭാഗമാണ്. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങൾക്കെതിരെയുള്ള സമരം.

രണ്ടാമത്തേത് മനുഷ്യനും മനുഷ്യനുമായുള്ള സമരമാണ്. ഒരു രാജ്യം മറ്റൊരു രാജ്യവുമായി നടത്തുന്ന യുദ്ധം. മൂന്നാമത്തേതാകട്ടെ,​ ഓരോ മനുഷ്യനും അവനവനോട് നടത്തുന്ന സമരമാണ്. ഞാൻ ഏറ്റവും വലിയ സങ്കടത്തോടെ സമരം ചെയ്യുന്നത് എന്നോടുതന്നെയാണ്. എന്നിലെ ചീത്ത വാസനകളോട്. എന്നിലെ നല്ലതല്ലാത്ത വാക്കുകളോട്. ഈ മൂന്നാമത്തെ സമരമുഖത്തെയാണ് നാം സംസ്കാരം എന്നു വിളിക്കുന്നത്. സംസ്കാരത്തിന്റെ സ്രഷ്ടാക്കൾ എന്നും ഏകാകികളായിരുന്നു. ഏകാന്തത സുഖമല്ല. ഏകാന്തതയ്ക്ക് അതിന്റേതായ ദു:ഖവുമുണ്ട്. നിങ്ങൾ പല ജോലികളിലും വ്യാപൃതകരാകുമ്പോൾ ഞാൻ എന്റെ വായനാമുറിയിൽ പുസ്തകങ്ങളുമായി മല്ലിടുകയായിരിക്കും. അത് സുഖകരമല്ല. എന്നാൽ അങ്ങനെ ആത്മശുദ്ധി നിർവഹിക്കുന്നവരാണ് യഥാർത്ഥ സംസ്കാരം സൃഷ്ടിക്കുന്നത്. യോഗികൾ ഈ സംസ്കാരത്തിന്റെ സൂര്യബിംബങ്ങളാണ്.

നമ്മുടെയെല്ലാം അന്തരംഗം ഇരുൾനിലങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഈ കളകൾക്കിടയിൽ വിളവുകൾ വിജയിക്കുകയില്ല. കളകൾ അപ്പാടെ അറുത്തുമാറ്റി ഒരു നിലമൊരുക്കൽ അനിവാര്യം. വിത്ത് നമ്മുടെ പത്തായത്തിൽ തന്നെയുണ്ട്. പക്ഷേ നമ്മൾ അതറിയുന്നില്ല. മോഹപ്പക്ഷികൾ അടയിരിക്കുന്ന ഇടമായി അത് മാറി. അകളങ്കിത ഭാവത്തോടെ ധ്യാനാത്മകമായ ജീവിതചര്യകളിലൂടെ ദിവസപഥങ്ങൾ താണ്ടുമ്പോൾ ഉൾനിലങ്ങളിൽ അടയിരിക്കുന്ന അലസരായ മോഹപ്പക്ഷികൾ മറ്റിടങ്ങൾ തേടി പറന്നകലുന്നു. നമ്മുടെ ഉൾനിലങ്ങളിൽ ഗുരുപ്രഭ പരക്കുന്നു. വെളിച്ചം, വല്ലാത്ത വെളിച്ചം, വിലമതിക്കാനാകാത്ത വെളിച്ചം. ഈ വെളിച്ചത്തിലാണ് നമ്മൾ പുതിയ പുതിയ ജീവിതസരണികൾ തിരയുന്നത്.

തീക്ഷ്ണമായ നമ്മുടെ ബുദ്ധിയിൽ പൈശാചികത തെല്ലുമില്ല തന്നെ. നിറവാർന്ന ഗുരുദേവ ഭക്തിയാൽ അന്തരംഗം ശോഭനമാകും. അവിടെ കളമുളകളില്ലാത്ത നമ്മുടെ ഉൾനിലങ്ങളിൽ അൻപിന്റെ, സമസൃഷ്ടി സ്നേഹത്തിന്റെ, സഹവർത്തിത്വത്തിന്റെ പുതുപുത്തൻ കൂട്ടായ്മയുടെ ഹർഷാരവങ്ങൾ ഉയരുകയായി. പുതിയ പുതിയ ജീവിതാനുഭവങ്ങൾ ഉരുവം കൊള്ളുകയായി. പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജസ്വലതയാൽ അന്തരംഗം പ്രകാശഭരിതമായി. നമുക്കു ചുറ്റും നമ്മുടെ സംസ്കാരവീഥിക്ക് ചുറ്റും ദേവലോകത്തു നിന്നും ഒറ്റച്ചിറകുള്ള മാലാഖമാർ പറന്നിറങ്ങുകയായി. ഹാ! വല്ലാത്തൊരനുഭവം. ഇത് ശ്രീനാരായണ സംസ്കാരത്തിന്റെ വസന്തഗൃഹമാണ്. ഇവിടെ നിന്നാണ് നല്ല നാളെകൾ അണിഞ്ഞൊരുങ്ങി ഇറങ്ങുന്നത്.