വികസനം സാമൂഹ്യ ഉൾക്കൊള്ളലിലൂടെ

Tuesday 03 February 2026 12:38 AM IST

ലീഡ്

സാമൂഹ്യ ഉൾക്കൊള്ളലിന്റെ അടിസ്ഥാനത്തിൽ വികസനമെന്ന നിർണായക വഴിത്തിരിവിലാണ് ഇന്ത്യ ഇപ്പോൾ

----------------------------------------------------------------------------------------------------------------------- പതിറ്റാണ്ടുകളായി ഇന്ത്യയുടെ വികസനം വിലയിരുത്തിയിരുന്നത് അമൂർത്തമായ സൂചകങ്ങൾ ഉപയോഗിച്ചായിരുന്നു. വളർച്ചാ നിരക്ക്, അടിസ്ഥാന സൗകര്യ വികസനം, ധനപരമായ കണക്കുകൾ എന്നിവയൊക്കെ ഇതിന് അടിസ്ഥാനമാക്കിയിരുന്നു. എന്നാൽ വികസനം അന്തസ്സ് ഉയർത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ പര്യാപ്തമായിരുന്നില്ല. ദൈനംദിന ജീവിതം സുഖകരമാക്കുന്നുണ്ടോ, ജനങ്ങൾക്ക് അവസര സമത്വം നൽകുന്നുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നില്ല. എന്നാലിപ്പോൾ ഇന്ത്യ സാമൂഹ്യ ഉൾക്കൊള്ളലിന്റെ അടിസ്ഥാനത്തിൽ വികസനമെന്ന നിർണായക വഴിത്തിരിവിലാണ്.

ഈ മാറ്റം പൂർണമോ കൃത്യതയുള്ളതോ എന്നു പറയാനാവില്ല. എന്നാലിത് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള വികസന മുന്നേറ്റത്തിലെ സുപ്രധാന ചുവടുവയ്പാണ്.

പുനരധിവാസം ലക്ഷ്യമിട്ടുള്ള

വികസനം പോയകാല വികസന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം ഉറപ്പാക്കിയും അതിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചുമാണ് ഇപ്പോൾ വികസനം നടത്തുന്നത്. സമൂഹത്തോടു ചേർന്നുനിന്നുകൊണ്ടുള്ള വികസനമാണിത്.

ഭൂമിയും ജീവനോപാധികളും സ്വത്വവുമൊക്കെ പരസ്പരബന്ധിതമായ വൈവിധ്യം നിറഞ്ഞ ഇന്ത്യയിൽ ഇത് അനിവാര്യമാണുതാനും. ക്ഷേമത്തിൽ നിന്ന്

അന്തസ്സിലേക്ക് സമീപകാലത്തുണ്ടായ വികസനം ക്ഷേമത്തെ ജീവകാരുണ്യ പ്രവർത്തനമെന്നതിൽ നിന്ന് അന്തസ്സാർന്ന ഒന്നാണെന്ന രീതിയിൽ മാറ്റി എന്നതാണ്. മുൻകാലങ്ങളിൽ വികസനത്തിന്റെ പ്രയോജനം ജനങ്ങൾക്കു ലഭ്യമാക്കാൻ കടമ്പകൾ ഒത്തിരിയായിരുന്നു. യഥാർത്ഥ ഗുണഭോക്താക്കളിൽ അത് എത്താറുമില്ലായിരുന്നു. ഇന്ന് ഈ സ്ഥിതി മാറി. ഇന്ന് സബ്സിഡികളും പെൻഷനുമൊക്കെ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുന്നു.

ആരോഗ്യ രംഗത്ത് ഇൻഷ്വറൻസ് മുഖേന ജനങ്ങൾക്ക് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്ന സ്ഥിതിയുണ്ടാക്കി. ഭവനനിർമാണ സംരംഭങ്ങൾ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന തരത്തിൽ വീടുകൾ സ്വന്തമാക്കാൻ അവസരം നൽകി. കുടിവെള്ളം, ശൗചാലയങ്ങൾ, പാചക വാതകം എന്നിവ പ്രത്യേകിച്ച് സ്ത്രീകൾക്ക് ആശ്വാസകരമായ വിധത്തിൽ പ്രാപ്തമാക്കി. ഇത് ഓരോ കുടുംബത്തിനും സ്വന്തമായി ജീവിതം ചിട്ടപ്പെടുത്താനും സമ്പാദ്യം ഉണ്ടാക്കാനും സഹായിച്ചു.

ഇന്ത്യയുടെ വളർച്ച

കേരളത്തിലെ യുവജനങ്ങൾക്ക് പ്രസക്തം കേരളം വിദ്യാഭ്യാസത്തിൽ കാര്യമായ നിക്ഷേപം നടത്തിയിട്ടുണെങ്കിലും, അഭ്യസ്തവിദ്യർക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. അതുകൊണ്ട് അവർ ഗൾഫിലേക്കും മറ്റും പോകേണ്ടി വരികയാണ്. എന്നാലിന്ന് രാജ്യത്തിന്റെ വികസിക്കുന്ന സമ്പദ്ഘടന സ്റ്റാർട്ടപ്പുകൾ വഴിയും പുതിയ സാങ്കേതിക സേവനത്തിലൂടെയും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു. ശേഷീ വികസനത്തിനും സംരംഭകത്വത്തിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും രാജ്യം ഒരുക്കുന്ന വേദികൾ കേരളത്തിന്റെ മാനവിക ശക്തിയുമായി ഒത്തുപോകുന്നതാണ്. വിദൂരങ്ങളിലെ ജോലി, ഡിജിറ്റൽ സേവനം തുടങ്ങിയവ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നു. മറ്റൊരിടത്തേക്ക് ചേക്കേറാതെ തന്നെ കൊച്ചിയിലോ കോഴിക്കോടോ ഉള്ള ഒരു യുവ പ്രൊഫഷണലിന് ദേശീയമോ അന്തർദ്ദേശീയമോ ആയ മാർക്കറ്റുകളിൽ സേവനം ചെയ്യാൻ കഴിയുന്നു. എന്നാലിത് ഗൾഫുമായും മറ്റുമുള്ള ബന്ധത്തിനു പകരമല്ല മറിച്ച് അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. പുതിയ തലമുറയ്ക്ക് ഇന്ത്യയുടെ വികസനം അവരുടെ വ്യക്തിപരമായ കാര്യം കൂടിയായിരിക്കുന്നു.

ഡിജിറ്റൽ ഇന്ത്യ ഒരു നിശ്ശബ്ദ

സാമൂഹ്യ വിപ്ലവം ഇന്ത്യയുടെ വികസന ചരിത്രത്തിൽ ഡിജിറ്റൽ ഇന്ത്യയെപ്പോലെ ഉൾക്കൊള്ളലിന്റെ പാഠത്തിന് ഏറെ ഉദാഹരണങ്ങൾ ഉണ്ടാവില്ല. ഇത് നമ്മുടെ നിത്യജീവിതത്തിൽ പ്രകടവുമാണ്. യു.പി.ഐ ഉപയോഗിച്ചുള്ള ഡിജിറ്റൽ പേയ്മെന്റ് തന്നെ ഏറ്റവും വലിയ തെളിവാണ്. ഡിജിറ്റൽ രേഖകളുമായി ബന്ധപ്പെടുത്തി നടത്തുന്ന നേരിട്ടുള്ള ആനുകൂല്യ വിതരണം യഥാർത്ഥ ഗുണഭോക്താക്കളിൽത്തന്നെ അതെത്തുന്നു എന്നുറപ്പാക്കുന്നു. നാട്ടിലേക്ക് പണമയക്കുന്ന ഗൾഫ് മലയാളികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത ഭരണ രംഗത്തെയും പുനക്രമീകരിച്ചു . പല തവണ ഓഫീസുകളിൽ കയറിയിറങ്ങേണ്ടിയിരുന്നത് ഇപ്പോൾ ഓൺലൈൻ വഴി ചെയ്യാം എന്നു വന്നിരിക്കുന്നു. ഏകീകൃത സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റുകളും പെൻഷനും സ്കോളർഷിപ്പുകളും അടക്കമുള്ള സേവനങ്ങൾ ഉറപ്പാക്കപ്പെടുന്നു. ഇത് അഴിമതി കുറക്കാനും സഹായിക്കുന്നു.

സമ്പദ് വ്യവസ്ഥയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും കഴിയുന്നുണ്ട്. മൊബൈൽ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്താമെന്നു വന്നത് ഗ്രാമീണ മേഖലയിലുള്ളവർക്ക് സാമ്പത്തിക സ്വാന്തനവും നൽകുന്നു.

കേവലം മുദ്രാവാക്യമല്ല ജനാധിപത്യ സമ്മർദ്ദത്തിലൂടെ പരിശോധനകൾ നടത്തിയും തെറ്റുതിരുത്തിയുമാണ് ഈ ഉൾക്കൊള്ളൽ സാധ്യമാക്കുന്നത്. അല്ലാതെ വെറും വാചാടോപമല്ല. വെറും പ്രീണനമല്ല, മറിച്ച് ചേർത്തു പിടിക്കുകയാണ്. ആശ്രിതത്വമല്ല, അന്തസ്സാണ് പ്രദാനം ചെയ്യുന്നത്. ഒഴിവാക്കുകയല്ല, അവസരം നൽകുകയാണ്. സാമൂഹ്യ ബന്ധങ്ങൾ വളർച്ചയുമായി വിളക്കിച്ചേർക്കുകയാണ് ചെയ്യുന്നത്. അസമത്വം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ലോകത്ത് ഇന്ത്യയുടെ ഈ സമീപനം സുസ്ഥിരത നൃഷ്ടിക്കുന്നു.

കേരളത്തിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യനീതി, ചലനക്ഷമത തുടങ്ങിയ മലയാളികളുടെ മൂല്യവിചാരങ്ങളോട് ഒത്തുപോകുന്നതാണ് ഇന്ത്യയുടെ ഈ സവിശേഷത. ഇന്ത്യയുടെ വികസനം കേവലം ധനപരമായ സംഖ്യകൾക്കും അപ്പുറം, ആളുകളെ ഉൾക്കൊള്ളുന്നതിലും അവരെ ശാക്തീകരിക്കുന്നതിലും കൂടിയുള്ളതാണെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു.

വികസനം ജനങ്ങളെ മാറ്റി നിർത്തിക്കൊണ്ടല്ല അവരെ കൂടെക്കൂട്ടിക്കൊണ്ടാണ് നടത്തുന്നത്. ഇതു മെല്ലെയാണെങ്കിലും കൂടുതൽ ശക്തമാണ്. രാജ്യം ഇതു കൂടുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. അതാകട്ടെ, ജനങ്ങളെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള ജനാധിപത്യ സംവിധാനത്തിലൂടെയുമാണ്.