രാഹുൽജി ക്ഷമിച്ചു! വീണ്ടും 'ചന്ദ്രോദയം"

Tuesday 03 February 2026 12:41 AM IST

മുഖം പൂർണചന്ദ്രനെപ്പോലെ ആണെങ്കിലും, പ്രത്യേക ഈണത്തിൽ 'ശശീ..." എന്ന് ശശി തരൂരിനെ വിളിക്കുന്നത് കോൺഗ്രസുകാർ പതിവാക്കിയിരിക്കുകയാണ്. ഇംഗ്ലീഷിൽ രണ്ടുവർത്തമാനം പറഞ്ഞ് തോൽപിക്കാൻ പറ്റാത്തതിനാൽ

ഈ പരിപാടിയേ പറ്റൂ എന്ന് ഖദറുകാർക്കറിയാം. രാഷ്ട്രം വേറെ, രാഷ്ട്രീയം വേറെ എന്ന നിലപാടുകാരനാണെങ്കിലും രാഹുൽഗാന്ധിജിയെയും പ്രിയങ്കാ ഗാന്ധിജിയെയും ശശിജിക്ക് പെരുത്തിഷ്ടാണ്. രാഹുൽജിക്ക് തിരിച്ചും ഇഷ്ടായിരുന്നു. പക്ഷേ, ആ ഇരിപ്പുവശം പാർട്ടിയിലെ ചിലർ പാരപണിത് ഇല്ലാതാക്കി. ആരൊക്കെയാണെന്ന് മൂപ്പർക്ക് അറിയാമെങ്കിലും മറുപടി ചിരിയിലൊതുക്കുന്നു. മഹാഭാരതത്തിൽ ഒരു ശകുനിയേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ കോൺഗ്രസിൽ ഒരുപാട് പേരുണ്ടെന്ന് ശശിജിക്ക് നന്നായി അറിയാം. രാജ്യാന്തര വേദികളിൽ ഒരുപാട് ഘടോൽക്കചൻമാരെ മലർത്തിയടിച്ചിട്ടുള്ള ശശി തരൂർ ഇവരുടെ മുന്നിൽ നിലംപരിശായി. 'ഇനിയൊരക്ഷരം മിണ്ടിയാൽ ശശി വിവരമറിയും" എന്നു ഹൈക്കമാൻഡിനെ കേൾപ്പിക്കാൻ പറഞ്ഞവരുമുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. സുധാകരന്റെ അവസ്ഥ അറിയാവുന്നതിനാൽ ശശിജി പേടിച്ചുപോയി. ചിലരുടെ 'കോഴിത്തല പ്രയോഗത്തിൽ" കസേര പോയി ത്രിശങ്കുവിൽ നിൽക്കുന്ന സുധാകരനെ കാണുമ്പോൾ എങ്ങനെ പേടിക്കാതിരിക്കും. ലോഹ്യം പറയാൻ രാഹുൽജിയുടെ അടുത്ത കസേരയിലിരുന്ന സുധാകർജിയെ അദ്ദേഹം എണീപ്പിച്ചു വിട്ടത് സകലരും കണ്ടതാണ്. ചെവിയിൽ എന്തോ പറയുകയും ചെയ്തു. ഭാഗ്യത്തിന് അതാരും കേട്ടില്ല. 'ഇടയ്ക്ക് ഡൽഹിയിലേക്ക് വരൂ, ഞാൻ നല്ല ആലു ബജി ഉണ്ടാക്കിത്തരാം" എന്നു രാഹുൽജി പറഞ്ഞതായി സുധാകർജിയുടെ മുഖലക്ഷണത്തിൽ നിന്ന് വ്യക്തമാണ്. കുറേക്കാലം മുൻപ് നൂറുകണക്കിന് കോഴിത്തലകളും തകിടുകളുമാണ് സുധാകർജിയുടെ വീട്ടുപറമ്പിൽ നിന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്. കളരി ഗുരുക്കളായിട്ടും ഈ പൂഴിക്കടകനിൽ സുധാകർജി വീണുപോയി. ഡ്രോണുകളേക്കാൾ ആക്രമണകാരികളാണ് മന്ത്രവാദികളുടെ കോഴികൾ എന്നു ബോദ്ധ്യായി. ഇടയ്ക്കിടെ ക്ഷീണവും ഓർമ്മക്കുറവും ഉണ്ടാകുന്നതിനാൽ 'ക്ഷീൺജി" എന്ന പേരും കിട്ടിയത്രേ. തലയിൽ കറുത്ത പെയിന്റടിച്ചതുകൊണ്ട് ആരും ചെറുപ്പക്കാരനാകില്ലെന്നും, ഭക്തിമാർഗത്തിലേക്കു തിരിയാൻ സമയമായെന്നും ആരോ കാശുകൊടുത്ത് കെ.എസ്.യു പിള്ളേരെക്കൊണ്ടു വരെ പറയിച്ചു. അധികം വൈകാതെ കെ.പി.സി.സി പ്രസിഡന്റിന്റെ കസേര പോയിക്കിട്ടി. എ.ഐ.സി.സി പ്രസിഡന്റാക്കാനാണ് ഹൈക്കമാൻഡ് നീക്കമെന്ന് പലരും സമാധാനിപ്പിച്ചെങ്കിലും, നൈസായി താങ്ങുകയായിരുന്നു. നിലവിൽ ഒരു കൊരണ്ടിപോലും ഇല്ലാത്ത അവസ്ഥയായി. അവഗണിച്ചു നാറ്റിക്കുക എന്ന കലാപരിപാടിക്കെതിരെ കലാപം നടത്തിയിട്ടു കാര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുന്നു. മെഷീൻഗണ്ണുകളുടെ കാലത്ത് മർമ്മാണി വിദ്യകകൊണ്ടു കാര്യമില്ല. വിരൽചൂണ്ടും മുൻപേ വെടിവരും. നാറ്റിച്ചു മൂലയ്ക്കിരുത്തുന്ന സ്ഥിരം കലാപരിപാടി ശശി തരൂരിന്റെ അടുത്ത് ചെലവാകില്ലെന്ന് പിടികിട്ടി. മെഷീൻഗണ്ണിനേക്കാൾ വേഗമുള്ള ഇംഗ്ലീഷ് ഡയലോഗുകൾ കക്ഷിയുടെ കൈയിലുണ്ട്.

പിണറായി സർക്കാരിനു കീഴിൽ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ലേഖനമെഴുതി പുലിവാലു പിടിച്ച തരൂരിനെ ഉപദേശിച്ചു നന്നാക്കിയെടുത്ത നേതാവാണ് കെ. സുധാകരൻ. അല്ലെങ്കിൽ തരൂർ പണ്ടേ പാർട്ടിക്കു പുറത്താകുമായിരുന്നു. ആ സ്‌നേഹം അദ്ദേഹത്തിന് ഇല്ലാതിരിക്കില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നതാണ് രാഷ്ട്രീയത്തിലെ രീതി. കൊച്ചിയിൽ കോൺഗ്രസ് നടത്തിയ മഹാപഞ്ചായത്ത് പരിപാടിയിൽ വേദിയിലുണ്ടായിരുന്ന തരൂരിന്റെ പേരുപോലും പരാമർശിക്കാതെ രാഹുൽജി അവഗണിച്ചത് കേരളത്തിലെ നേതാക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രധാനമന്ത്രിയുടെ പല നടപടികളെയും വാഴ്ത്തി സംഘികളുടെ പ്രിയപ്പെട്ടവനായി മാറിയ തരൂർ, ഈയിടെയായി സഖാക്കളുമായും വലിയ ലോഹ്യത്തിലാണ്.

സ്വർണം കായ്ക്കുന്ന

മരമാണെങ്കിലും....

ഹൈക്കമാൻഡിനെക്കാൾ ആരും വളരരുതെന്ന് കോൺഗ്രസ് ഭരണഘടനയിലുണ്ട്. പഴയകാല നേതാക്കളോട് ഇതേക്കുറിച്ച് തരൂർജി ചോദിച്ചറിയുന്നത് നല്ലതാണെന്ന് വാർറൂം മേധാവികളോട് അടുപ്പമുള്ളവർ പറയുന്നു. ആനയെയും ആനപ്പിണ്ഡത്തെയും മാത്രമല്ല, പാപ്പാന്റെ തോട്ടിയുമായി നടക്കുന്നവരെയും പേടിക്കണമെന്നാണ് പാഠം. ഐ.എ.എസ് വലിച്ചെറിഞ്ഞ് കോൺഗ്രസെന്ന ആനപ്പുറത്ത് ലീഡർ കരുണാകരന്റെ കയറിയ ഒരാൾ ഇപ്പോൾ കുഴിയാനയുടെ അവസ്ഥയിലാണ്.

ഐക്യരാഷ്ട്രസഭയുടെ താക്കോൽ സ്ഥാനത്തിരുന്ന തരൂർജി ഒന്നോർക്കണം-ഏതു താക്കോലും ആഞ്ഞൊന്നു തിരിച്ചാൽ ഒടിഞ്ഞുപോകും!. സംഘികളുടെ ചിന്തൻ ബൈഠക്, സഖാക്കളുടെ പോളിറ്റ് ബ്യൂറോ എന്നിവയെ കാണുംപോലെ കോൺഗ്രസ് ഹൈക്കമാൻഡിനെ കാണരുത്.

വിദ്യാഭ്യാസമോ, മതമോ, പണമോ പരിഗണിക്കാതെ എല്ലാപ്രവർത്തരെയും ഒരുപോലെയാണ് ഹൈക്കമാൻഡ് കാണുന്നത്. പാർട്ടികാര്യങ്ങളിൽ നല്ല ശുഷ്‌കാന്തി ഉണ്ടാകണമെന്നുമാത്രം. ഓരോ കെ.എസ്.യുകാരനിലും ഭാവിപ്രധാനമന്ത്രിയെ കാണുന്ന മഹാമനസ്‌കനാണ് രാഹുൽജി. അതുകൊണ്ട് അദ്ദേഹം ശശി തരൂരിനോട് ക്ഷമിച്ചു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേക്കാൾ ബഹുമാനത്തോടെയാണ് അങ്ങയെ കാണുന്നതെന്ന് തരൂർജി പറഞ്ഞതുകേട്ട് രാഹുൽജിയുടെ കണ്ണുനിറഞ്ഞത്, യാദൃച്ഛികമായി അവിടേക്ക് ഒളിഞ്ഞുനോക്കിയ കെ.സി. വേണുഗോപാൽജി കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുൻനിരയിൽ തരൂർജി ഉണ്ടാകുമെന്നുറപ്പായി.

ഡൽഹിയിലേക്കില്ല,

വെറുത്തുപോയി!

ഇനിയുമൊരു തോൽവി ഒഴിവാക്കാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് കെ. മുരളീധരൻജിയുടെ പ്രഖ്യാപനം. മത്സരിക്കൂ, പ്ലീസ് എന്ന് ഒരുപാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും ഇല്ലെന്നാണ് തീരുമാനം. രാഹുൽജി നേരിട്ടുവന്ന് നിർബന്ധിച്ചാൽ അല്ലാതെ ഇതിൽ മാറ്റമില്ല. ഏതായാലും ലോക്‌സഭയിലേക്ക് ഇനി ഇല്ലേയില്ല. സംഘികളെ അത്രയ്ക്കു വെറുത്തുപോയി. ഡൽഹിയിൽ ചെന്നാൽ ഇവരെ കാണേണ്ടിവരും. പാർലമെന്റിൽ ചെന്നാൽ ഇവരുടെ കഥാപ്രസംഗം കേൾക്കേണ്ടിയുംവരും. അവിടെയിരുന്നിട്ട് കാര്യവുമില്ല. കേരളത്തിൽ യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് പോരാട്ടം. ചുവപ്പന്മാരും കാവിക്കാരും തമ്മിലുള്ള അന്തർധാര സജീവമായതിനാൽ ചില അദ്ഭുതങ്ങൾ സംഭവിച്ചുകൂടെന്നില്ല. അതൊഴിവാക്കാൻ തഴക്കവും പഴക്കവുമുള്ള കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ആവശ്യമാണ്. കെ.സി.വേണുഗോപാൽജിയും, രാജ്‌മോഹൻ ഉണ്ണിത്താൻജിയുമെല്ലാം ഇതേ ആലോചനയിലാണ്. രാഹുൽജിയുടെ കരങ്ങൾക്ക് 'കേരളത്തിലിരുന്ന്' കരുത്തുപകരും. ഇരിക്കാൻ പറ്റിയ കസേര ഏതാണെന്ന് എളിമകൊണ്ടു പറയുന്നില്ല.