വ്യാപാരക്കരാർ: ഇന്ത്യയുടെ തീരുവ 18% ആക്കി കുറച്ച് യു.എസ്

Tuesday 03 February 2026 12:53 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ പകരച്ചുങ്കം 25ൽ നിന്ന് 18 ശതമാനമായി കുറച്ച് യു.എസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിനുപിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇളവ് മോദി സ്വാഗതം ചെയ്തു. മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഇന്ത്യ- യു.എസ് വ്യാപാരക്കരാറിനു ധാരണയായെന്നും ട്രംപ് അറിയിച്ചു.

റഷ്യൻ എണ്ണയുടെ പേരിൽ ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു. അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതും വ്യാപാരവും മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്താമെന്ന് മോദി അറിയിച്ചെന്നും ട്രംപ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. യു.എസിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങും. ഇത് യുക്രെയിൻ യുദ്ധം അവസാനിക്കാൻ സഹായിക്കും. കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു.

50 ശതമാനം തീരുവയാണ് യു.എസിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്നത് (25 ശതമാനം പകരച്ചുങ്കവും 25 ശതമാനം റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലും). ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചെന്ന് യു.എസ് നേരത്തെയും അവകാശപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോദി ശക്തനായ നേതാവ്: ട്രംപ്

പ്രധാനമന്ത്രി മോദി തന്റെ മഹത്തായ സുഹൃത്തും ശക്തനായ നേതാവുമാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും. താനും മോദിയും ലക്ഷ്യങ്ങൾ കൃത്യമായി കൈവരിക്കുന്നവരാണെന്നും കൂട്ടിച്ചേർത്തു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിന്റെ നേതൃത്വം നിർണായകമാണെന്ന് മോദി എക്സിൽ കുറിച്ചു. സമാധാനത്തിനായുള്ള ട്രംപിന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞു.