എസ്.ഐ.ആർ: മമത സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പശ്ചിമബംഗാളിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് സുതാര്യമല്ലാത്ത തിടുക്കപ്പെട്ട നീക്കങ്ങളാണ്. എസ്.ഐ.ആർ പ്രക്രിയയെ യുദ്ധക്കളമായി മാറ്റി. ഭരണഘടനാ വിരുദ്ധമായ നടപടികളുടെ ഫലമായി വലിയതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടേക്കും. 2002ന്റെ കട്ട് ഓഫ് വച്ച് പൗരത്വം തെളിയിക്കാൻ നിലവിലെ വോട്ടർമാരോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സമ്മതിദായകർ ഹാജരാക്കുന്ന രേഖകൾ ഏകപക്ഷീയമായി നിരസിക്കുന്നു. ഹിയറിംഗ് കൃത്യമല്ല. കരടു വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുകൾ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും പ്രസിദ്ധീകരിക്കുന്നില്ല. എസ്.ഐ.ആർ ഗൂഢോദ്ദ്യേശത്തോടെയുള്ള നീച പദ്ധതിയാണ്. 2025ൽ തയ്യാറാക്കിയ വോട്ടർപട്ടിക ഉപയോഗിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും മമത ബാനർജി ഹർജിയിൽ ആവശ്യപ്പെട്ടു.
ഇ.ഡിക്കെതിരെ
സത്യവാങ്മൂലം
തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ കാെൽക്കത്തയിലെ ഓഫീസ് ജനുവരി എട്ടിന് ഇ.ഡി റെയിഡ് ചെയ്‌തിരുന്നു. മമത,ഡി.ജി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി റെയിഡ് തടസപ്പെടുത്തി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു. ഈനടപടികൾക്കെതിരെ ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് ബംഗാൾ സർക്കാർ കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.